തിരുവനന്തപുരം: നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റിയ സംഭവത്തില്‍ മാമുക്കോയയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മാമുക്കോയക്കെതിരെ അധികൃതര്‍ മോശമായി പെരുമാറിയെന്ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ തെറ്റുചെയ്തവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഇതു കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കോര്‍പ്പറേഷന്‍ തന്നെ അപമാനിച്ചുവെന്നാണ് മാമുക്കോയ പറയുന്നത്. പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് വ്യക്തിപരമായി തന്നെ അറിയിച്ചില്ല. ഉദ്യോഗസ്ഥര്‍ തന്നോട് മോശമായി പെരുമാറി. നഗരസഭ കാട്ടിയത് ശുദ്ധ തെമ്മാടിത്തരമാണ്. മഴക്കാലത്ത് ഇവിടെയുള്ള കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നത് ഒഴിവാക്കാനാണ് കോണ്‍ക്രീറ്റ് ചെയ്തതെന്നും മാമുക്കോയ പറഞ്ഞു.

ഇന്നലെയാണ് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി അനധികൃതമാണെന്ന് കണ്ടെത്തി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റിയത്. എന്നാല്‍ വഴി കയ്യേറിയിട്ടില്ലെന്ന് പറഞ്ഞ് മാമുക്കോയയും രംഗത്തെത്തിയിരുന്നു.