തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവുനായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെടി ജലീല്‍. നിയമസഭയിലാണ് സംസ്ഥാനത്തെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞത്. തെരുവുനായ്ക്കളെ കൊല്ലുക തന്നെ വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പികെ ബഷീര്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നായ്ക്കളെ കൊന്നൊടുക്കുന്നതിന് ചില നിയമതടസങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചുവെങ്കിലും അക്രമകാരികളായ നായ്ക്കളെ വേദനയില്ലാതെ കൊന്നൊടുക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടെന്ന് പ്രതിപക്ഷം വാദിച്ചു. തെരുവ് നായ്ക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ രാഷ്ട്രീയമില്ല. പ്രശ്‌നം ഗൗരമായി തന്നെ കാണുമെന്നും കെടി ജലീല്‍ പറഞ്ഞു.