കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം മുണ്ടൂര്‍ സ്വദേശി വിജേഷാണ് അറസ്റ്റിലായത്. അഴീക്കോടന്‍ മന്ദിരത്തിലെ മൂന്ന് ലാന്റ് ഫോണിലേക്കും മാറി മാറി വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതു രണ്ടാം തവണയാണ് വധഭീഷണി മുഴക്കിയ കേസില്‍ വിജേഷ് അറസ്റ്റിലാകുന്നത്.

പിണറായി വിജയനു പുറമെ സിപിഎം നേതാവ് പി ജയരാജനെതിരെയും പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനനെയും വധിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോഴിക്കോട് കുളത്തൂരിലെ ആശ്രമ അന്തേവാസിയായ ഇയാളെ അവിടെയെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.