കൊരട്ടി (തൃശൂര്‍): ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമുടിക്കുന്ന് വലിയവീട്ടില്‍ ഡേവിസിന്റെ മകന്‍ എബിന്റെ (33) മൃതദേഹമാണ് കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം-കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30 ന് നാട്ടുകാരാണ് കാടുപിടിച്ച സ്ഥലത്ത് മൃതദേഹം കണ്ടത്.

ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു എബിനെന്നും മര്‍ദനമേറ്റതെന്നു തോന്നിക്കുന്ന പാടുകള്‍ ശരീരത്തില്‍ ഉള്ളതായും പൊലീസ് പറഞ്ഞു.

അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി. എബിനൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി സൂചനയുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.