ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ തരിപ്പണമാക്കി. മുപ്പത്തിയേഴാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യലിലൂടെ ഗോള്‍ വേട്ട തുടങ്ങിയ മുന്‍ ചാമ്പ്യന്മാര്‍ക്കായി ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ക്രിസ് സ്മാലിംഗും രണ്ടാം പകുതിയില്‍ പോള്‍ പോഗ്ബ, റുമേലു ലുക്കാക്കു എന്നിവരും ഗോളുകള്‍ നേടി. മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയും കുതിപ്പ് തുടരുകയാണ്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കവര്‍ വെസ്റ്റ് ബ്രോമിനെ കീഴടക്കി. റയല്‍ മാഡ്രിഡില്‍ നിന്നും ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെത്തിയ അല്‍വാരോ മൊറാത്തോയാണ് ചെല്‍സിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഈഡന്‍ ഹസാര്‍ഡ് രണ്ട് വട്ടം വല ചലിപ്പിച്ചപ്പോള്‍ മാര്‍ക്കോസ് അലോണ്‍സോ മെന്‍ഡോസയും ഗോള്‍പ്പട്ടികയില്‍ ഇടം പിടിച്ചു. ബ്രസീലുകാരനായ ഗബ്രിയേല്‍ ജീസസ് ഇടവേളക്ക് ശേഷം ഗോളടിക്കാരനായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളിന് മുന്‍ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റിയെ കീഴടക്കി. കഴിഞ്ഞ ദിവസം നടന്ന ആദ്യ മല്‍സരത്തില്‍ ആഴ്‌സനല്‍ രണ്ട് ഗോളിന് ടോട്ടനത്തെ പരാജപ്പെടുത്തിയിരുന്നു