ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്വതന്ത്ര അംഗം അസാദുദ്ദീനെ ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് ബി.ജെ.പി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സര്‍ജുവാല ഫേസ്ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തിയ കേന്ദ്ര സര്‍ക്കാര്‍, തട്ടിക്കൊണ്ടു പോകലിനായി വിമാനത്താവള അധികൃതരേയും സി.ഐ.എസ്.എഫിനെയും ഉപയോഗിച്ചതായും സര്‍ജുവാല കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ തൂക്കുസഭ നിലവില്‍ വന്ന മണിപ്പൂരില്‍ പ്രദേശിക കക്ഷികളുടേയും സ്വതന്ത്രന്റേയും നിലപാട് നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആരോപണത്തിന് ഏറെ ഗൗരവമുണ്ട്. മണിപ്പൂരിലെ കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന നാസറിനൊപ്പമാണ് അസാദുദ്ദീന്‍ ഗുവാഹത്തിയില്‍നിന്ന് ഇംഫാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതെന്ന് സര്‍ജുവാല പറഞ്ഞു. ഇവിടെ സി.ഐ.എസ്.എഫും വിമാനത്താവള അധികൃതരും എം. എല്‍.എയെ ഏറെ നേരം തടഞ്ഞുവെക്കുകയും പിന്നീട് ബി.ജെ.പി നേതാക്കള്‍ക്ക് കൈമാറുകയുമായിരുന്നു. ഇവിടെനിന്ന് മറ്റൊരു വിമാനത്തില്‍ കൊല്‍ക്കത്തയിലേക്കാണ് അസാബുദ്ദീനെ കൊണ്ടുപോയതെന്നും സര്‍ജുവാല ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ ബി.ജെ.പി നേതൃത്വം നിഷേധിച്ചു. ഇതിനിടെ മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ഇന്നലെ വൈകീട്ട് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നിലവിലെ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. 60അംഗ നിയമസഭയില്‍ 31 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിന് 28ഉം ബി.ജെ.പിക്ക് 21ഉം അംഗങ്ങളാണുള്ളത്. നാലു വീതം സീറ്റുകള്‍ നേടിയ എന്‍.പി.പിയും എന്‍.പി.എഫും കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ ഭാഗമാണ്. ഇവര്‍ക്കൊപ്പം സ്വതന്ത്ര അംഗത്തിന്റെ കൂടി പിന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരണം ബി.ജെ.പിക്ക് എളുപ്പമാകും.
ഇതാണ് എം.എല്‍.എയെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ അസാദുദ്ദീന്‍ സന്നദ്ധത അറിയിച്ചിരുന്നതായാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശ വാദം. ജിരിബാം നിയോജക മണ്ഡലത്തില്‍നിന്ന് 8,189 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അസാദുദ്ദീന്‍ വിജയിച്ചത്.