മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് ഗവര്‍ണര്‍ നജ്മ ഹിബ്ത്തുള്ളയുടെ ക്ഷണം. ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ഒരാഴ്ച്ചത്തെ സമയമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് നല്‍കിയിട്ടുള്ളത്. കേവല ഭൂരിപക്ഷമായ 31 ലഭിച്ചാല്‍ കോണ്‍ഗ്രസ്സിന് മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാനാകും. എന്നാല്‍ 28സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസ്സിന് മറ്റാരുടേയും പിന്തുണയില്ല. 21സീറ്റുകളുള്ള ബി.ജെ.പി ഇപ്പോള്‍ മണിപ്പൂരില്‍ അധികാരം പിടിച്ചെടുക്കാനുള്ള കടുത്ത പ്രയത്‌നത്തിലാണ്.

ബി.ജെ.പിക്ക് നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ലോക് ജന്‍ശക്തി പാര്‍ട്ടിയും പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് നാല് സീറ്റും, ലോക് ജന്‍ശക്തി പാര്‍ട്ടിക്ക് ഒരു സീറ്റുമാണുള്ളത്. നാഗ പീപ്പിള്‍സ് ഫ്രണ്ടിന് നാലുസീറ്റുണ്ടെങ്കിലും അവര്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് സര്‍ക്കാരുണ്ടാക്കുകയെന്നത് വെല്ലുവിളിയായിരിക്കും. ഗവര്‍ണര്‍ നല്‍കിയ ഒരാഴ്ച്ചത്തെ സമയത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് വലിയൊരു ആഘാതമായിരിക്കും നേരിടേണ്ടി വരിക.

അതേസമയം, മനോഹര്‍പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായി നാളെ വൈകുന്നേരം അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ അറിയിച്ച പരീക്കര്‍ പ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ചാണ് ഗോവയുടെ മുഖ്യമന്ത്രിയാവുന്നത്. 18 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സാണ് സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഗോവന്‍ഫോര്‍വേഡിന്റെ പിന്തുണയോടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രുപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പി അധികാരത്തിലെത്തുന്നത്.