കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയിലെ നായികയെകുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. നടി മഞ്ജുവാര്യര്‍ കമലാ സുരയ്യയായി ക്യാമറക്കു മുന്നിലെത്തുമെന്ന് സംവിധായകന്‍ കമല്‍ സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കമല്‍ വ്യക്തമാക്കി. മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് മഞ്ജുവാര്യര്‍ ചിത്രത്തിന് കരാര്‍ ഒപ്പുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ബോളിവുഡ് നടി വിദ്യാബാലനെയായിരുന്നു ആമിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യാബാലന്‍ പിന്‍മാറിയതോടെ ആമി ആരാകുമെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തബു, പാര്‍വതി, പാര്‍വതി ജയറാം എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടിരുന്നത്.

manu_warrier_pti
മാര്‍ച്ചില്‍ ആരംഭിക്കുന്ന ആദ്യ ഷെഡ്യൂളില്‍ മഞ്ജുവാര്യരുടെ അതേ പ്രായത്തിലുള്ള മാധവികുട്ടിയുടെ ജീവിതമായിരിക്കും ചിത്രീകരിക്കുക. രണ്ടു മാസം കഴിഞ്ഞായിരിക്കും മധ്യവയസ്സിന് ശേഷമുള്ള ചിത്രീകരണം നടക്കുക. കൗമാരകാലത്തെ മാധവികുട്ടിയായി പുതുമുഖതാരമായിരിക്കും ക്യാമറക്കു മുന്നിലെത്തുക. എന്നാല്‍ ഇതു സംബന്ധിച്ച് ധാരണയായിട്ടില്ല.

manju-warrier
ഷൂട്ടിങ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് വിദ്യാബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. സിനിമക്കു വേണ്ടി കൊല്‍ക്കത്തയില്‍ താമസിച്ച് മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ഗപരമായ അഭിപ്രായവ്യത്യാസം എന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാബാലന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത്.