ഛണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഖട്ടാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തന്നോട് അടുപ്പം പുലര്‍ത്തിയ സഹപ്രവര്‍ത്തകരോടും മറ്റും സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ഖട്ടാര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഖട്ടാര്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച നടത്തിയ ആദ്യ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ക്വാറന്റീനില്‍ തുടരാന്‍ ഖട്ടാറിനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.