കണ്ണൂര്‍: പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മന്‍സൂര്‍ വധക്കേസ് അന്വേഷണസംഘത്തെ മാറ്റി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിനു നേതൃത്വം നല്‍കും.

കേരളത്തിനു പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജി ജി.സ്പര്‍ജന്‍കുമാര്‍ അന്വേഷണം ഏകോപിപ്പിക്കും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വിക്രമനാണ് അന്വേഷണച്ചുമതല.

മന്‍സൂറിന്റെ കൊലപാതകം ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തെളിവു നശിപ്പിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപട്ടികയിലുള്ളയാളെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായി കെ.സുധാകരന്‍ എംപിയും ആരോപിച്ചിരുന്നു.