ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാനെ മോചിപ്പിക്കാന്‍ ദൂതന്മാര്‍ ഇന്ന് വനമേഖലയിലേക്ക് പുറപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തും. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനാണ് ശ്രമം. ദൂതന്മാരെ സംബന്ധിച്ചും, ജവാനെ പാര്‍പ്പിച്ചിരിക്കുന്ന മേഖലയെ കുറിച്ചുമുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

കസ്റ്റഡിയിലുള്ള സൈനികന്റെ ചിത്രം മാവോയിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റ് ക്യാമ്പിലെന്ന് കരുതപ്പെടുന്ന സ്ഥലത്തെ താത്കാലിക ഷെഡിലിരിക്കുന്ന ജവാന്‍ രാകേശ്വര്‍ സിംഗ് മന്‍ഹാസിന്റെ ചിത്രമാണ് മാവോയിസ്റ്റുകള്‍ പുറത്തുവിട്ടത്. മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന വെടിവെപ്പിനു പിന്നാലെ ഏപ്രില്‍ മൂന്നിനാണ് ഇദ്ദേഹം കാണാതാവുന്നത്. സംഭവത്തില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.

ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു. ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. ചര്‍ച്ചയ്ക്ക് തയാറാണ്. മാവോയിസ്റ്റ് വിരുദ്ധ വേട്ട അവസാനിപ്പിക്കണം. ചര്‍ച്ചയ്ക്ക് മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് മാവോയിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്.