ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ബോക്‌സിങ് താരം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റു. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 32നായിരുന്നു തോല്‍വി. 2016 റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന.

ഒന്നാം റൗണ്ടില്‍ 14ന് പരാജയം സമ്മതിച്ച മേരി പക്ഷേ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചെത്തി. 32നാണ് മേരി രണ്ടാം റൗണ്ടില്‍ വിജയം പിടിച്ചത്. എന്നാല്‍ ആദ്യ റൗണ്ടിലെ മോശം പ്രകടനം മേരിക്ക് തിരിച്ചടിയായി മാറി.

2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ മേരി കോം ആറ് വട്ടം ലോക ചാമ്പ്യയായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായ ശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരം കൂടിയാണ് മേരി. ഒളിംപിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ മേരിക്ക് പക്ഷേ അത് സഫലമാക്കാന്‍ സാധിച്ചില്ല.