തിരുവനന്തപുരം: ബിജെപി നേത്രത്വത്തെ വെട്ടിലാക്കിയ മെഡിക്കല്‍ കോളേജ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് കോഴയില്‍ ആരോപണ വിധേയനായ കെ.പി ശ്രീശനും , കോഴയെപ്പറ്റി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗം കെ.പി നസീറും വിജിലന്‍സിന് മുന്നില്‍ ഹാജരാകും. വ്യാഴാഴ്ചയായിരിക്കും ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നല്‍കുക.

മെഡിക്കല്‍ കോളജിനു അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നും ആര്‍.എസ്. വിനോദ് കോഴ വാങ്ങിയെന്നാണ് അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു. കോഴ നല്‍കിയതായി ആരോപണമുള്ള വര്‍ക്കലയിലെ കോളേജുടമ ആര്‍ ഷാജിക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വാശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുക.

കോഴ ആരോപണം സംബന്ധിച്ച് ബിജെപി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. പാലക്കാട് ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍.

കേസില്‍ പരാതിക്കാരനായ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സുകാര്‍ണോയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്. കോഴ കുഴല്‍പണമായി ഡല്‍ഹിയിലെത്തിച്ചുവെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്. ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.