ലഖ്‌നൗ: മനേകാ ഗാന്ധിയുടേത് ഭീഷണിയാണെന്നും അത് വിലപ്പോവില്ലെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. തനിക്ക് വോട്ട് ചെയ്യാത്ത മുസ്്‌ലിംകള്‍ക്ക് ജനപ്രതിനിധിയെന്ന നിലയില്‍ യാതൊരുവിധ സഹായവും ലഭിക്കില്ലെന്ന കേന്ദ്ര മന്ത്രി മനേകാഗാന്ധിയുടെ പ്രസംഗം വിവാദമായിരുന്നു. അതിനുള്ള പ്രതികരണമായാണ് മായാവതി മനേകാഗാന്ധിക്കും ബിജെപിക്കുമെതിരെ ശക്തമായ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. കള്ളപ്പണം, അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ, കര്‍ഷക ദുരിതങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് ബിജെപി നേതാക്കള്‍ ഇപ്പോള്‍ സംസാരിക്കുന്നില്ല.
ദേശീയ സുരക്ഷയെപ്പോലുള്ള പ്രശ്‌നങ്ങളാണ് അവര്‍ വോട്ടിനായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതും ഏല്‍ക്കാതെ വന്നപ്പോള്‍ ഭീഷണിയുമായി ഇറങ്ങിയിരിക്കുകയാണ്. മനേകാ ഗാന്ധി ചെയ്തത് തെറ്റുതന്നെയാണെന്ന് മായാവതി ട്വിറ്ററില്‍ വ്യക്തമാക്കി.
വിവാദ പ്രസംഗത്തെ തുടര്‍ന്ന് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് മനേകാ ഗാന്ധിയോട് വിശദീകരണം തേടിയിരുന്നു. സുല്‍ത്താന്‍പൂരില്‍ തുറാക്ബാനി മേഖലയില്‍ വോട്ട് ചോദിക്കുന്നതിനിടെ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു.
മനേക ഗാന്ധിയുടെ പ്രസ്താവന മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.