ബാഴ്‌സലോണ: മെസി ബാഴ്‌സ വിടുമെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത. പുതിയ സീസണ് മുന്നോടിയായി ഇന്ന് നടത്തുന്ന കോവിഡ് പരിശോധനയില്‍ മെസി പങ്കെടുക്കില്ല. പുതിയ കോച്ച് റൊണാള്‍ഡ് കൂമാന് കീഴില്‍ നാളെ തുടങ്ങുന്ന പരിശീലന ക്യാംപില്‍ നിന്നും മെസി വിട്ടുനില്‍ക്കും.

ഇതോടെ , ടീം വിടുകയാണെങ്കില്‍ 700 ദശലക്ഷം യൂറോ വേണമെന്ന ആവശ്യം ബാഴ്‌സലോണ ശക്തമാക്കി. കോവിഡ് കാരണം സീസണ്‍ നീണ്ടതിനാല്‍ കരാറും സ്വാഭാവികമായി നീളും എന്നാണ് മെസിയുടെ വാദം.

മെസിയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി, പി എസ് ജി, യുവന്റസ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകള്‍ രംഗത്തുണ്ട്. ബാഴ്‌സലോണയുടെ മുന്‍കോച്ച് പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയിലേക്ക് മെസി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മെസി സിറ്റി പരിശീലകന്‍ ഗാര്‍ഡിയോളയുമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല അച്ഛന്‍ സിറ്റി ടീം മാനേജ്‌മെന്റുമായും ചര്‍ച്ച നടത്തിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.