മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം വിജയിച്ചു. ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

ബി.ജപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നാഗ്പുര്‍, പുണെ എന്നീ സീറ്റുകളില്‍ ബിജെപിക്ക് പരാജയം സംഭവിച്ചതാണ് ഏറ്റവും ശ്രദ്ധേയം.പുണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ഔറംഗബാദ്, മറാത്ത് വാഡ സീറ്റുകളില്‍ എന്‍.സി.പിയും വിജയിച്ചു. ധുലെനന്ദുര്‍ബറില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. ഒരുമിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യത്തെ പരാജയപ്പെടുത്താനാകുന്നില്ല എന്നതാണ് ബി.ജെ.പി. ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി.

അതേസമയം, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 150 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 2016ല്‍ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്‍.എസ്. 99 സീറ്റുളിലും അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്.

കോവിഡ് കണക്കിലെടുത്ത് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ ഏറെ വൈകും.ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര്‍ (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്.