Culture

മഹിജയെ പരിഹസിച്ച് എംഎം മണി

By chandrika

April 07, 2017

മലപ്പുറം: കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം മണി. മലപ്പുറത്ത് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി മകന്റെ മരണത്തിന് നീതി ലഭിക്കാനായി സമരം ചെയ്യുന്ന അമ്മയെ പരിഹസിച്ചത്. ജിഷ്ണിവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് വിവാദമായത്.

പ്രതികളെ പിടിച്ചിട്ട് വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞത്. ഈ സ്ഥിതിക്ക് മുഖ്യമന്ത്രി ചെല്ലുമ്പോള്‍ അവര്‍ കതകടച്ചാല്‍ അത് വേറെ പണിയാവുമായിരുന്നു, മണി പരിഹസിച്ചു. കതക് അടച്ചിട്ടിട്ട് അവര്‍ കാണേണ്ടെന്നാണ് പറയുന്നതെങ്കില്‍ അത് മുഖ്യമന്ത്രിക്ക് അപമാനമാനെന്നും മണി പറഞ്ഞു. അവര്‍ ആരുടേയോ കയ്യില്‍ കിടന്നു കളിക്കുകയാണെന്നും മണി കുറ്റപ്പെടുത്തി. യുഡിഎഫിന്റെയും ബിജെപിയുമാണ് അതിനു പിന്നിലെന്നും മണി ആരോപിച്ചു.

നേരത്തെയും എം.എം മണി മഹിജക്കെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് മുന്നില്‍ നടന്ന വിവാദ സംഭവങ്ങളെ സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. പൊലീസ് ആസ്ഥാനത്തു മനഃപൂര്‍വ്വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നായിരുന്നു മണിയുടെ വാദം. മഹിജയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് നടത്തിയ അതിക്രമത്തെ ന്യായീകരിച്ച മന്ത്രി, സമരം ചെയ്യാനായി ഇനിയും ശ്രമിച്ചാന്‍ അറസ്റ്റ് ഇനിയുമുണ്ടാവുമെന്ന നിലപാട് വ്യക്തമാക്കിയത്.