കമാല്‍ വരദൂര്‍

ഒന്നുറപ്പ്-ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ വസന്തകാലമാണിനി… നമുക്ക് ലോകകപ്പില്ല. രണ്ടാം സ്ഥാനമാണ്. പക്ഷേ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ കൂറെ പേരുകളായിരിക്കുന്നു, സ്‌പോണ്‍സര്‍മാരും പുത്തന്‍ ബ്രാന്‍ഡുകളും വന്നിരിക്കുന്നു. മാധ്യമ ചര്‍ച്ചകളിലേക്ക്, ടെലിവിഷന്‍ അഭിമുഖങ്ങളിലേക്ക്, നമ്മുടെ കോഫി ടേബിള്‍ വര്‍ത്തമാനങ്ങളിലേക്ക് മിഥാലി രാജും ഹര്‍മന്‍ പ്രീതുമെല്ലാം കടന്നുവരുമ്പോള്‍ അതിനൊരു അടിത്തറയാവുന്നത് ക്രിക്കറ്റ് മക്കയായ ലോര്‍ഡ്‌സ് എന്നത് തികച്ചും യാദൃശ്ചികമാവാം. ഓര്‍മയുണ്ടോ 1983 ലെ ആ ലോകകപ്പ് സുന്ദരകാലം. കപില്‍ദേവും ചെകുത്താന്മാരും ക്ലൈവ് ലോയിഡിന്റെ വിന്‍ഡീസിനെ തരിപ്പണമാക്കി രാജ്യത്തിനായ ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് ഇതേ ലോര്‍ഡ്‌സില്‍ നിന്നായിരുന്നു. ലോര്‍ഡ്‌സിലെ ആ ചരിത്രപ്രസിദ്ധമായ ബാല്‍ക്കണിയില്‍ കപില്‍ദേവ് പ്രുഡന്‍ഷ്യല്‍ ലോകകപ്പുമായി നില്‍ക്കുന്ന ആ ചിത്രം ഇന്ത്യയില്‍ ക്രിക്കറ്റ് തരംഗത്തിന്റെ അടയാളമായിരുന്നു. ശരവേഗതയില്‍ രാജ്യത്തിന്റെ പ്രധാന വിനോദമായി ക്രിക്കറ്റ് മാറി. വനിതകളുടെ ലോകകപ്പ് എന്നാല്‍ പത്രങ്ങളില്‍ ഇത് വരെ അത് സിംഗിള്‍ കോളം വാര്‍ത്തയായിരുന്നു. ഇന്നത്തെ പത്രങ്ങള്‍ നോക്കുക-കായിക പേജുകളിലെ പ്രധാന തലക്കെട്ട്, ഒന്നാം പേജിലെ വര്‍ണചിത്രങ്ങള്‍, അഭിമുഖങ്ങള്‍, ഉപകഥകള്‍……. ടെലിവിഷന്‍ ചര്‍ച്ചകളില്‍ സച്ചിനെയും ധോണിയെയുമെല്ലാം എളുപ്പത്തില്‍ പറയുന്നത് പോലെ മിഥലിയും പൂനം റാവത്തും ഹര്‍മന്‍പ്രിതുമെല്ലാം നമ്മുടെ വീടുകളിലെ ഇഷ്ടനാമങ്ങളായിരിക്കുന്നു….
ഇത്തവണ വനിതാ ലോകകപ്പ് നോക്കു-നിറയെ സ്‌പോണ്‍സര്‍മാര്‍…. വന്‍ ലാഭമാണ് ചാമ്പ്യന്‍ഷിപ്പ്. ഇന്നലെ ലോര്‍ഡ്‌സില്‍ ഫൈനല്‍ കാണാനെത്തിയത് 26,500 പേരാണ്. ടെലിവിഷനില്‍ കളി കണ്ടത് അമ്പത് ദശലക്ഷത്തോളം പേര്‍. പരാജയം വേദനാജനകമാണ്. പക്ഷേ ഈ പരാജയമൊന്ന് നോക്കു-ഗംഭീരമായി കളിച്ചു നമ്മുടെ ടീം. മിഥലിയെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ക്കെല്ലാം ഇത് കന്നി ലോകകപ്പാണ്. അതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിക്കറ്റിനിടയിലെ ഓട്ടത്തില്‍, ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍-അങ്ങനെ പ്രശ്‌നങ്ങള്‍ പലവിധമായിരുന്നു. പക്ഷേ ഒമ്പത് റണ്‍സ് അരികെ വരെ അവരെത്തി. മിഥലി പറഞ്ഞത് പോലെ ഒരു ലോകകപ്പ് ഫൈനല്‍ എന്നത് വലിയ അനുഭവമാണ്. ആ അനുഭവത്തില്‍ നിന്നും അവര്‍ കരുത്തരായി മുന്നേറട്ടെ…. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റത്തിന് അവര്‍ നാന്ദി കുറിക്കട്ടെ… 2013 ലെ വനിതാ ലോകകപ്പില്‍ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ രണ്ടാം സ്ഥാനമായി. ഈ ടീമിനെ അഭിനന്ദിക്കണം. കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്നതോടെ അവര്‍ മെച്ചപ്പെടും