വര്‍ഗ്ഗീയ മതിലോടെ കേരളം ശിഥിലമാകുമെന്ന് നിയമസഭയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന നിര്‍ഭാഗ്യകരമായ കാഴ്ചയാണ് എങ്ങും.വിശ്വാസികളോടോ അയ്യപ്പഭാക്തരോടോ സംവദിക്കാനാവാതെ മൃതുപ്രായമായ സംഘപരിവാറിന് മൃതുസന്ജീവനി നല്‍കി അവര്‍ കേരളത്തെ കലാപ ഭൂമിയാക്കുന്നത് നോക്കി നില്‍ക്കുന്നതാണോ പിണറായി വിജയന്‍ വിഭാവനം ചെയ്യുന്ന നവോത്ഥാനം ഭരണകൂടം നിസ്സംഗരായി നിന്നപ്പോഴൊക്കെ സംഘ്പരിവാര്‍ അവരുടെ ബീഭത്സ ഭാവങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ മോഡലുകള്‍ ഒരു കാലത്തും കേരളത്തില്‍ സംഭവിക്കാതിരുന്നത് കേരളത്തിലെ മത നിരപേക്ഷ സമൂഹവും ഭരണ കൂടവും സംഘ് പരിവാറിന് കടിഞ്ഞാണിട്ടത് കൊണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അക്രമി സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സാധിച്ചിരുന്നില്ല. സംഘപരിവാറിനെ നിലക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ ഉത്തരവാദിത്വം കേരളത്തിലെ മത നിരപേക്ഷ സമൂഹം ഏറ്റെടുക്കും. മുസ്ലിം ലീഗും യു ഡി എഫും നെത്രപരമായ പങ്ക് വഹിക്കും. അയ്യപ്പ ഭക്തരുടെ വികാരങ്ങളോടൊപ്പം നില്‍ക്കുന്നവരെയൊക്കെ സംഘിപ്പട്ടം നല്‍കി ഒറ്റപ്പെടുത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. വിശ്വാസികളെയും സംഘപരിവാറിനെയും തുല്യരാക്കി സംഘപരിവാറിന് മാന്യത നല്‍കുന്ന അപകടകരമായ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണം. അതു വഴി നിങ്ങള്‍ സ്വപ്‌നം കാണുന്ന രാഷ്ട്രീയ ലാഭം വിനാശകരമായ അന്ത്യത്തിലേ അവസാനിക്കൂ.

ശബരിമലയില്‍ ക്രമസമാധാന ചുമതല വത്സന്‍ തില്ലങ്കേരിക്ക് മാത്രമാണ് നല്‍കിയതെങ്കില്‍ ഇന്ന് കേരളത്തിന്റെ ക്രമസമാധാന ചുമതല ആയിരക്കണക്കിന് തില്ലങ്കേരിമാര്‍ നിര്‍വഹിക്കുകയാണ് . കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയരക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയും വ്യാപാരി വ്യവസായ ഏകോപന സമിതി നേതാവ് ടി നസ്‌റുദ്ധീനും സമാധാന ത്തിന് വേണ്ടി കൈകൂപ്പി യാചിക്കുന്നത് വര്‍ത്തമാനകാല കേരളത്തിന്റെ ദുരന്ത മുഖമാണ് അനാവരണം ചെയ്യുന്നത്. അയ്യപ്പ ഭക്തരും , ആരോഗ്യ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരും ആക്രമിക്കപ്പെടുന്നു. വര്‍ഗീയകലാപം ലക്ഷ്യമിട്ട് മുസ്ലിം സമൂഹത്തിനെതിരായി വിദ്വേഷം ആളിക്കത്തിക്കുമ്പോഴും പോലിസ് നിസ്സംഗരായി നോക്കി നില്ക്കുകയാണ്.ഇതിനെതിരെ പൊതുജനം രംഗത്തിറങ്ങിയതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കോഴിക്കോട് മിഠായി തെരുവ്. സംഘപരിവാറിനെ ഇളക്കി വിട്ട് മുസ്ലിം സമൂഹത്തെ ഭീതിയില്‍ നിര്‍ത്തി വീണ്ടും ബീഫ് വരട്ടാം എന്നാണ് സി പി എം ആഗ്രഹിക്കുന്നത്. സംഘപരിവാറി ന്റെ യും സി പി എമ്മിന്റെ യും ഭീതിയുടെ രാഷ്ട്രീയത്തിന് മുന്നില്‍ പകച്ച് പോകുന്നവരല്ല കേരളത്തിലെ മുസ്ലിം സമുദായം. ആത്മവിശ്വാസത്തിന്റെ യും ആര്‍ജ്ജവ ത്തിന്റെയും വന്‍ മതിലായി മുസ്ലിം ലീഗ് ഈ വര്‍ഗ്ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെ നിലകൊള്ളുക തന്നെ ചെയ്യും.

അമിത് ഷാ കേരളത്തില്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണനാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. ക്രമസമാധാന പ്രശ്‌നം രൂക്ഷമായ സംസ്ഥാനത്ത് കലാപങ്ങളുടെ മൊത്തവ്യാപാരിയായ അമിത് ഷാ കൂടി വരുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെ മുന്‍കൂട്ടി കാണാന്‍ സി പി എമ്മിനാവുന്നില്ല. ജാതി മത കള്ളികളിലേക്ക് ചുരുങ്ങുന്ന കേരളത്തിന്റെ വോട്ടിംഗില്‍ മാത്രമാണ് അമിത് ഷായുടെ കണ്ണ് . ഇത്തരം അപകടകരമായ സാഹചര്യങ്ങളില്‍ അമിത്ഷാക്ക് വിലക്കേര്‍പെടുത്തിയ ഇരട്ടച്ചങ്കൊന്നുമില്ലാത്ത മുഖ്യമന്ത്രിമാരും ഈ രാജ്യത്തുണ്ട്.വികസനവും സുസ്ഥിരതയും മുന്‍ഗണനയാകേണ്ട പ്രളയം തകര്‍ത്തൊരു സംസ്ഥാനത്തെ ശബരിമലയില്‍ മാത്രം തളച്ചിടാനാണ് മുഖ്യമന്ത്രി യും സംഘപരിവാറും ശ്രമിക്കുന്നത്.