കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കൊടുവള്ളി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ഡോ. എം.കെ മുനീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ഓടെ കലക്ടറേറ്റിലെത്തി കൊടുവള്ളി നിയോജക മണ്ഡലം വരണാധികാരി രജത്ത് ജി എസ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങിയ പത്രിക കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് എം കെ മുനീര്‍ സമര്‍പ്പിക്കാനായി കലക്ടറേറ്റിലെത്തിയത്.
എം എ റസാഖ് മാസ്റ്റര്‍, വി എം ഉമ്മര്‍ മാസ്റ്റര്‍, എ. അരവിന്ദന്‍, കെ.സി അബു, ടി കെ മുഹമ്മദ് മാസ്റ്റര്‍, കെ കെ എ ഖാദര്‍, വി ഇല്യാസ്, വേളാട്ട് അഹമ്മദ് മാസ്റ്റര്‍ എന്നിവരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്‍പ് കൊടുവള്ളി മുസ്ലിം ഓര്‍ഫനേജിലെത്തിയ എം കെ മുനീറിനെ സ്വീകരിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഏറെ ആവേശത്തോടെയാണ് എം കെ മുനീറിനെ കൊടുവള്ളിയിലെ ജനം സ്വീകരിച്ചത്.