തിരുവനന്തപുരം: സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചപ്പോള്‍ മന്ത്രി എം. എം. മണി അവഹേളിച്ചതായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന്റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോഴായിരുന്നു മന്ത്രിയുടെ അവഹേളനം. തോന്ന്യവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നും ഒരുമാസം കൊണ്ടുതരാന്‍ ആരാണ്ട് ജോലി എടുത്തുവിച്ചിട്ടുണ്ടോ എന്നെല്ലാം മന്ത്രി കയര്‍ത്ത് സംസാരിച്ചതായി വിജി പറഞ്ഞു. മുഖ്യമന്ത്രി ജോലി തരാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ സമരം കിടക്കാതെ മുഖ്യമന്ത്രിയെ പോയി കാണുകയാണ് വേണ്ടത്. കണ്ടാലും മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലിയിരിപ്പില്ലെന്നു പറഞ്ഞ മന്ത്രി സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി വിജി പറഞ്ഞു. മന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച വിജി പൊട്ടിക്കരഞ്ഞു. ഇതോടെ അവിടെ കൂടിനിന്നവരാണ് വിജിയെ ആശ്വസിപ്പിച്ചത്.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി യായിരുന്ന ഹരികുമാര്‍ സനല്‍ കുമാറിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും നഷ്ടപരിഹാരവും അനിശ്ചിതമായി നീണ്ടതിനെ തുടര്‍ന്ന് വിജി സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന സമരം പത്തു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ സഹായമുണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിമാരെ വിജിയും സമര സമിതി പ്രവര്‍ത്തകരും നേരിട്ട് ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്.
സനല്‍ കുമാറിന്റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരത്തിനിരിക്കുന്നത്. രണ്ടു മക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സനല്‍ കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കുടുംബത്തിന് സഹായവും ഭാര്യ വിജിക്ക് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു. നഷ്ടപരിഹാരമായി സാധരണ നല്‍കുന്ന 10000രൂപപോലും തനിക്ക് നല്‍കിയില്ലെന്ന് വിജി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയായ ഡിവൈ. എസ് .പി ഹരികുമാര്‍ ജീവനൊടുക്കിയതോടെ നടപടികള്‍ നിലച്ചു. ഇപ്പോള്‍ കടബാധ്യത മൂലം പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയിലാണ് സനലിന്റെ കുടുംബം.