ഹൈദരാബാദ്: പത്ത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. 34കാരന്റെ മരണത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

പഴക്കച്ചവടക്കാരനായ ഷാകിവ് അലിയാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ നസീം പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കൊപ്പം പഴം വാങ്ങാന്‍ കടയില്‍ ചെന്നപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

ഇരുവരും ചേര്‍ന്ന് മുന്തിരിയും പൈനാപ്പിളും വാങ്ങി. പണമായി 20 രൂപ നല്‍കി. എന്നാല്‍ 30 രൂപ വേണമെന്ന് ഷാകിവ് അലി ആവശ്യപ്പെട്ടു. 10 രൂപയെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. 10 രൂപ വേണമെന്ന് കടച്ചവടക്കാരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു.

പ്രകോപിതനായ നസീം കൂട്ടുകാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് സംഘം ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ ഷാകിവ് അലി ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.