ബഹ്‌റായിച് : പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ഇരുപത്തിമൂന്നുകാരനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബഹാറായിച്ചില്‍ ഖൈരി ദിക്കോലി ഗ്രാമത്തിലാണ് സംഭവം. സുഹൈല്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. അമ്മാവന്റെ വീടിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത് അയല്‍വാസികള്‍ സുഹൈലിനെ മര്‍ദിക്കുകയായിരുന്നു.

റാം മൂരത്, ആത്മാറാം, റാംപാല്‍, സനേഹി, മന്‍ജീത് എന്നിവര്‍ ചേര്‍ന്നാണ് സുഹൈലിനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ മൂന്നു പേര്‍ കസ്റ്റഡിയിലാണ്. പരസ്യമായി മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത് ഇവര്‍ സുഹൈലിനെ വടികൊണ്ട് അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മാവന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.