ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുവെന്ന് പരാതി. ഡികെ ശിവകുമാര്‍ തന്നെയാണ് ഇക്കാര്യം ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

തന്റെ കൈയിലുള്ള രണ്ട് സെല്‍ഫോണുകളിലെയും കോള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് അദ്ദേഹം രേഖാമൂലം എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു. ഫോണ്‍ കോളുകള്‍ നടത്തുമ്പോള്‍ മുമ്പില്ലാത്ത വിധത്തിലുള്ള ശബ്ദ വ്യത്യാസങ്ങള്‍ രണ്ട് ഫോണിലും ഉണ്ടാവുന്നുണ്ട്. വിളിക്കുമ്പോഴും ഇങ്ങോട്ടുള്ള കോള്‍ എടുക്കുമ്പോഴും ഈ പ്രശ്‌നമുണ്ട്-അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി രണ്ട് സെല്‍ഫോണ്‍ നമ്പറുകളും അദ്ദേഹം പൊലീസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഫോണ്‍ കോളുകള്‍ ചോര്‍ത്തല്‍ സംബന്ധിച്ച പരാതി നിഷേധിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി. ഡികെയുടെ പരാതി രാഷ്ട്രീയപരമല്ലെന്നും നെറ്റ്‌വര്‍ക്കിന്റെ പ്രശ്‌നമായിരിക്കാമെന്നും ബിജെപി പറയുന്നു.