ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലത്തുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 27ന് എത്തുമെന്നാണ് വിവരം. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലെത്തിയിരുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

കൊച്ചിയില്‍ വന്നു പോയി ഒരാഴ്ച പിന്നിടും മുന്‍പാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നതായുള്ള അറിയിപ്പ് വന്നിരിക്കുന്നത്. ഫെബ്രുവരി 27ന് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി റാലിയില്‍ പങ്കെടുക്കുമെന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

പ്രധാനമന്ത്രി 27ന് കേരളത്തിലേക്ക് എത്തുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുവാന്‍ സാധ്യതയുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ പിന്നെ ഔദ്യോഗിക പരിപാടികള്‍ക്ക് വിലക്കുണ്ടാവും.