കോഴിക്കോട്: ഇടത് സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കേരളത്തിലെ യുവ ജനത നടത്തുന്ന പോരാട്ടങ്ങളെ തളച്ചിടാന്‍ സര്‍ക്കാറിന് സാധ്യമല്ലന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് കലക്ടററ്റിന് മുമ്പില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സഹന സമരം രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമര രംഗത്തുള്ള യുവാക്കളുടെ ജീവന്‍ കൊണ്ട് പന്താടുന്ന സര്‍ക്കാര്‍ തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്യുകയാണ്. മുസ്‌ലിം യൂത്ത് ലീഗ് ഈ സമരം ഏറ്റടുത്തത് കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങള്‍ തകരാതിരിക്കാനാണ്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്.

കുന്ദമംഗലം, എലത്തൂര്‍, വടകര, ബാലുശ്ശേരി നിയോജ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് ഇന്നലെ സമരത്തില്‍ പങ്കാളികളായത്. സംസ്ഥാന സെക്രട്ടറി പി ജി മുഹമ്മദ്, സാജിദ് നടുവണ്ണൂര്‍, സമദ് പൂക്കാട്, നാസര്‍ എസ്റ്റേറ്റ് മുക്ക്, കെ ടി അബ്ദുറഹിമാന്‍, സി കെ കാസിം, യു പോക്കര്‍, മിസ്ഹബ് കീഴരിയൂര്‍, എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലതീഫ് തുറയൂര്‍, കെ എം എ റഷീദ്, എ ഷിജിത് ഖാന്‍, ജാഫര്‍ സാദിഖ്, ഷഫീഖ് അരക്കിണര്‍, ഒ.എം നൗഷാദ്, ജാഫര്‍ പൂവാട്ട് പറമ്പ്, മുഹമ്മദ് മച്ചക്കുളം, സലാം ചേളന്നൂര്‍, സനീദ് വടകര, അന്‍സീര്‍ പാനോളി, പി. എച്ച് ഷമീര്‍, സി. കെ ഷക്കീര്‍, ടി പി എം ജിഷാന്‍, ശിഹാബ് നല്ലളം സംബന്ധിച്ചു.