X

മന്‍മോഹന്‍ സിങിനെ പരിഹസിച്ച് മോദി; രാജ്യസഭയില്‍ ബഹളം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ രാജ്യസഭയില്‍ ബഹളം. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയവെയാണ് മോദി ഡോ. സിങിനെതിരെ രംഗത്തെത്തിയത്. ബാത്‌റൂമില്‍ മഴക്കോട്ട് ധരിച്ച് എങ്ങനെ കുളിക്കാമെന്ന് ഡോ. മന്‍മോഹന്‍ സിങിനെ കണ്ട് പഠിക്കണമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

യു.പി.എ സര്‍ക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മന്‍മോഹന്‍ സിങ് കളങ്കരഹിതമായ വ്യക്തിത്വം കാത്തുസൂക്ഷിച്ചതിനെയാണ് മോദി പരിഹാസ പാത്രമാക്കിയത്.
ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് നീങ്ങി പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ചെയറിലുണ്ടായിരുന്ന സഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരി പലതവണ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ ശാന്തരായില്ല.
ഇതോടെയാണ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചത്.

വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയും വരെ പ്രധാനമന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നേരത്തെ ഡോ. മന്‍മോഹന്‍ സിങ് രംഗത്തെത്തിയിരുന്നു. സംഘടിത കൊള്ളയും നിയമവിധേയമായ പിടിച്ചു പറിയുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകിടം മറിക്കുമെന്നുമുള്ള സിങിന്റെ ആരോപണം നോട്ടു നിരോധനം പ്രഖ്യാപിച്ച ശേഷം മോദി നേരിട്ട ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു. ഇതാണ് രാജ്യസഭയില്‍ ഡോ. സിങിനെതിരെ രംഗത്തുവരാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

chandrika: