ഭോപ്പാല്‍: മോദിയുടെ വിവാഹത്തെക്കുറിച്ച് ബിജെപി എംപി നടത്തിയ പരാമര്‍ശം വിവാദമാവുന്നു. കല്യാണമൊക്കെ കഴിഞ്ഞു, പക്ഷേ ഭാര്യയെ കൂട്ടിക്കൊണ്ടുവന്നിട്ടില്ല എന്നായിരുന്നു എംപിയുടെ പരാമര്‍ശം.

മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി ജ്യോതി ദ്രുവെ ആണ് മോദിയുടെ വിവാഹത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ യോഗേഷ് സോണി നടത്തിയ ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശമുണ്ടായത്. ബേതുല്‍ ജില്ലയിലെ കേന്ദ്രീയ വിദ്യാലയം പണിയുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് എംപി നരേന്ദ്ര മോദിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി ജനങ്ങളുമായി ബന്ധപ്പെടുന്നു. പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിക്കുന്നു. അത് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നല്ല. അദ്ദേഹത്തിന്റെ കല്യാണമൊക്കെ കഴിഞ്ഞു. പക്ഷേ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നിട്ടില്ല -എംപി ജ്യോതി ദ്രുവെ പറഞ്ഞു.

ബിജെപി എംപിയുടെ പരാമര്‍ശം വിവാദമായതോടെ നിഷേധിച്ച് പാര്‍ട്ടി വക്താവ് രംഗത്തെത്തി. ഇത്തരമൊരു പരാമര്‍ശം എംപി നടത്തിയിട്ടില്ലെന്നും വികസനത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ച നടന്നതെന്നും ബിജെപി വക്താവ് വിജയ് വര്‍ഗിയ പറഞ്ഞു.