ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷം നീണ്ട ഭരണക്കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉള്‍ക്കൊള്ളിച്ച പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ച വന്‍തുക പുറത്തായി. 1,100 കോടിയിലധികം രൂപയാണ് മോദിയെ കേന്ദ്രമാക്കി ഇറക്കിയ പരസ്യത്തിനായി സര്‍ക്കാര്‍ പൊടിച്ചത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന് വേണ്ടി ചെലവിട്ട തുകയുടെ ഇരട്ടിയോളം വരുമിത്. മംഗള്‍യാന്റെ ചെലവ് 450 കോടി രൂപയായിരുന്നു.

വിവരാവകാശ നിയമപ്രകാരം സാമൂഹ്യപ്രവര്‍ത്തകനായ രാംവീര്‍ സിങിന്റെ ചോദ്യത്തിനാണ് ആര്‍ടിഐ നിയമപ്രകാരം മന്ത്രാലയത്തില്‍ നിന്നും മറുപടി ലഭിച്ചത്.

2014 ജൂണ്‍ ഒന്ന് മുതല്‍ 2016 ഓഗസ്റ്റ് 31 വരെ പരസ്യങ്ങള്‍ക്ക് ചെലവഴിച്ച തുകയാണിത്. ഈ കണക്കുകള്‍ പ്രകാരം പ്രതിദിനം പരസ്യചെലവ് 1.4 കോടി വരും.

finalembedforcharu
ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നാണ് വിവിധ വകുപ്പുകളിലെ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ വിവരം ലഭിച്ചത്.
അതേസമയം ടെലിവിഷന്‍/ടെലികാസ്റ്റ്, ഇന്റര്‍നെറ്റ്, മറ്റു ഇലക്ട്രോണിക് മീഡിയ എന്നീ പരസ്യങ്ങള്‍ക്ക് ചെലവഴിച്ച തുക മാത്രമാണ് ഇപ്പോള്‍ ആര്‍ടിഐ നിയമപ്രകാരം പുറത്തുവന്നത്. പ്രിന്റ് മീഡിയ പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ബുക്ക്ലെറ്റുകള്‍, കലണ്ടറുകള്‍, പരസ്യബോര്‍ഡുകള്‍ എന്നിവക്ക് ചെലവിട്ട തുക ഈ 1,100 കോടിയില്‍പെടില്ല.

ഡല്‍ഹില്‍ ആം ആദ്മി സര്‍ക്കാര്‍ പരസ്യത്തിനായി പ്രതിദിനം 16 ലക്ഷം ചെലവിടുന്ന റിപ്പോര്‍ട്ട് കെജ്‌രിവാള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഇതിന്റെ പേരില്‍ ആപ്പ് സര്‍ക്കാരിന് വന്‍ വിമര്‍ശനം നേരിടേണ്ടിയും വന്നു. പ്രശസ്തിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി ആം ആദ്മി മാറിയെന്നായിരുന്നു അന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നത്. സ്വയം വാഴ്ത്താനാണ് അരവിന്ദ് കെജ്രിവാളിന്റെ ശ്രമമെന്നും ബിജെപി കുറ്റപ്പെടുത്തി.