മൂന്നാര്‍: കയ്യേറ്റമൊഴിപ്പിക്കല്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. യോഗത്തിന്റെ അജണ്ടയില്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ഉണ്ടായിരുന്നില്ലെങ്കിലും പ്രധാന ചര്‍ച്ച ഇതായിരുന്നു. ചര്‍ച്ചക്കിടെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടായെങ്കിലും പിണറായി വിജയന്‍ വിട്ടുവീഴ്ചക്ക് തയാറായില്ല.

കുരിശു മാറ്റിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്ന മുഖ്യമന്ത്രി ഒഴിപ്പിക്കല്‍ വിവാദമായ സാഹചര്യത്തില്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സി.പി.ഐ പ്രതിനിധികളും റവന്യും മന്ത്രിയും എതിര്‍പ്പുയര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. മൂന്നാര്‍ വിഷയം വഷളാക്കരുതെന്നും എല്ലാവരും യോജിച്ച് ഇടതുമുന്നണി നയം നടപ്പാക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു. അതേസമയം ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയ നിലപാട് സ്വീകരിച്ചതില്‍ സി.പി.ഐ നേതൃത്വത്തിന് അമര്‍ഷമുണ്ട്. ഗൗരവമായ ചര്‍ച്ചക്ക് പോലും മുഖ്യമന്ത്രി മുതിര്‍ന്നില്ലെന്നാണ് പരാതി. ഇടതുമുന്നണി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയുടെ നിലപാടിലുള്ള അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.
യോഗത്തില്‍ സി.പി.ഐ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മുന്‍നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായില്ല. മൂന്നാറില്‍ സര്‍വകക്ഷി യോഗം ചേരാതെ ഇനി ഒഴിപ്പിക്കല്‍ നടപടി തുടരേണ്ടതില്ലെന്ന നിലപാടെടുത്ത മുഖ്യമന്ത്രി സര്‍ക്കാറിനെ അറിയിക്കാതെ കുരിശു തകര്‍ത്ത നടപടി തെറ്റാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. ഇതിനെ സി.പി.ഐ പ്രതിനിധികളും റവന്യൂ മന്ത്രിയും എതിര്‍ത്തെങ്കിലും കാര്യമുണ്ടായില്ല. കുരിശ് നീക്കിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച് എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടിയെടുത്തതെന്ന് റവന്യൂ മന്ത്രി പറഞ്ഞു. രണ്ടാഴ്ച മുമ്പേ കയ്യേറ്റക്കാര്‍ക്ക് അറിയിപ്പ് നല്‍കുകയും പട്ടയ ഭൂമിയാണെങ്കില്‍ അതിന് രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നതായും ആവശ്യമായ സമയം നല്‍കിയ ശേഷമാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയിലേക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ കടന്നതെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടതുമുന്നണി യോഗത്തില്‍ വിശദീകരിച്ചു.
എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിനെ തൃപ്തിപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തില്‍ സ്വീകരിച്ചത്.

ഇടതുമുന്നണി യോഗത്തിന് ശേഷം സി.പി.ഐ നേതാക്കള്‍ മുഖ്യമന്ത്രിയുമായും സി.പി.എം നേതാക്കളുമായും ചര്‍ച്ച നടത്തിയെങ്കിലും ഗുണമുണ്ടായില്ല. പിന്നീട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും മാത്രമായും ചര്‍ച്ച നടന്നു. എന്നാല്‍ മുഖ്യമന്ത്രി തന്റെ മുന്‍നിലപാടില്‍ ഉറച്ചുനിന്നാണ് തീരുമാനങ്ങളെടുത്തത്.

മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയ സംഘടനകള്‍, മാധ്യമ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുമായി വെവ്വേറെ ചര്‍ച്ച നടത്തിയ ശേഷം ഒഴിപ്പിക്കല്‍ നടപടി തുടരാനാണ് തീരുമാനം. ഇതിന് മാസങ്ങള്‍ വേണ്ടിവരും. കയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ണമായി നിര്‍ത്തുന്നതിനുള്ള തന്ത്രമാണ് ഇതിലൂടെ മുഖ്യമന്ത്രി പുറത്തെടുത്തതെന്ന് വിലയിരുത്തല്‍. സി.പി.ഐയും ഈ കെണി തിരിച്ചറിയുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായ സ്ഥിതിയിലാണ് നേതൃത്വം.