ന്യൂഡല്‍ഹി: നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മീനമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഉടമക്കു തന്നെ തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വനഭൂമിയാണെന്ന് കാണിച്ച് 2013ലാണ് മീനമ്പാറ എസ്റ്റേറ്റിലെ കെട്ടിടം സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഭൂമിയും കെട്ടിടവും ഉടമക്കു തന്നെ തിരിച്ചു നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും മേല്‍ക്കോടതിയിലും വിധി എതിരാവുകയായിരുന്നു.

പിടിച്ചെടുത്ത ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും രണ്ടാഴ്ചക്കകം നടപടികള്‍ പൂര്‍ത്തിയാക്കി ഉടമയെ തിരിച്ചേല്‍പ്പിക്കണമെന്നുമാണ് ആവശ്യം. കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതും കോടതി തള്ളി. തുടര്‍ന്നായിരുന്നു കെട്ടിടം തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടത്.