തിരുവനന്തപുരം: മൂന്നാര്‍ മേഖലയിലെ നിര്‍മാണപ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ റവന്യുവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ വിരുദ്ധാഭിപ്രായവുമായി ഭരണകക്ഷി എം.എല്‍.എമാര്‍. ഇടുക്കി ജില്ലയില്‍ നിന്നുളള സി.പി.എം അംഗം എസ്.രാജേന്ദ്രനും സി.പി.ഐയിലെ ഇ.എസ് ബിജിമോളുമാണ് ഉത്തരവിന് എതിരായി രംഗത്തുവന്നത്. പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനെ തുടര്‍ന്നാണ് ഭരണകക്ഷയിലെ വൈരുധ്യം പ്രകടമായത്.
ഭരണകക്ഷി അംഗങ്ങള്‍ വരെ ആവശ്യപ്പെടുന്ന സ്ഥിതിക്ക് ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ഉറച്ചുനിന്നതോടെ പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. മൂന്നാര്‍ മേഖലയിലെ എട്ടു വില്ലേജുകളില്‍ വീട് നിര്‍മാണത്തിനായി റവന്യു അധികാരികളുടെ എന്‍.ഒ.സി വേണമെന്ന നിര്‍ദ്ദേശത്തിന്റെ മറവില്‍ സാധാരണക്കാരായ കര്‍ഷക ജനതയെ ദുരിതത്തിലാക്കുകയാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകരുടെ പ്രതിസന്ധി മുന്‍നിര്‍ത്തി യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. മൂന്നാര്‍ മേഖലയില്‍ മാത്രം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി നിര്‍ദേശമുണ്ടായപ്പോള്‍ 50 കിലോമീറ്റര്‍ അകലെ വരെയുള്ള പ്രദേശത്ത് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വാദം മുന്നോട്ടുവെച്ച കളക്ടര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാട്ടുന്നതെന്നും കെ.എം മാണി പറഞ്ഞു. വന്‍കിടക്കാര്‍ ഇടുക്കിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ സാധാരണക്കാരായ പത്തു സെന്റിനുള്ളില്‍ വസിക്കുന്ന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കസ്തൂരിരംഗന്‍ അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ലെന്ന് പറഞ്ഞ് ആള്‍ക്കാരെ ഓഫീസുകളില്‍ കയറ്റിയിറക്കുകയാണ്. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ പതിറ്റാണ്ടുകളായി തങ്ങള്‍ വസിക്കുന്ന ഭൂമിയില്‍ വീടു നിര്‍മിക്കാന്‍ കഴിയാത്ത മറ്റൊരു സ്ഥിതിയാണ് ഇവിടെ വന്നിരിക്കുന്നതെന്നും രമേശ് പറഞ്ഞു. എന്നാല്‍ കേരളാ ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് ഈ മേഖലയില്‍ കെട്ടിട നിര്‍മാണത്തിന് എന്‍.ഒ.സി വേണമെന്ന സര്‍ക്കുലര്‍ ഇറക്കിയതെന്നു റവന്യ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ആര്‍.ഡി.ഒ മാര്‍ക്കായിരുന്നു ചുമതല നല്‍കിയിരുന്നത്. എന്നാല്‍ വനം, റവന്യു മന്ത്രിമാരുടെ യോഗത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മൂന്നാറിലെ എട്ടു വില്ലേജുകളിലെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി നല്‍കാനുള്ള ചുമതല അതാത് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.ഇത് ജനങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുക എന്നു മുന്നില്‍ കണ്ടാണെന്നും ഈ ഉത്തരവ് പിന്‍വലിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി.യും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും ഒരു നിര്‍മാണപ്രവര്‍ത്തനവും മൂന്നാര്‍ മേഖലയില്‍ നടത്തുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശമുള്ളതായും ജനങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടാതെ മൂന്നാര്‍ മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനത്തിന് എന്‍.ഒ.സി. നല്‍കണമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.