മുംബൈ: അമ്മയെയും അച്ഛനെയും മരണം കവര്‍ന്ന ദുരന്തത്തിന്റെ ഓര്‍മയില്‍ മോഷെ ഹോസ്ബര്‍ഗ് മുംബൈയിലെത്തി. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട റാബ്ബി ഗബ്രിയേല്‍ റോസന്‍ബെര്‍ഗ്-റെവ്ക ദമ്പതികളുടെ മകനാണ് മോഷെ. നരിമാന്‍ ഹൗസില്‍ വച്ചാണ് ഇരുവരും തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ മരണ ശേഷം ജൂത വംശജനായ മോഷെ ബന്ധുക്കള്‍ക്കൊപ്പം ജന്മനാടായ ഇസ്രാഈലിലേക്ക് തിരികെ പോയി.

പിന്നീട് ആദ്യമായാണ് മുത്തച്ഛന്‍ ഷിമോണ്‍ റോസന്‍ബെര്‍ഗിനൊപ്പം മുംബൈയിലേക്ക് മോഷെ എത്തിയത്. രാവിലെ മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോഷെയ്ക്ക് സ്വീകരണമൊരുക്കിയിരുന്നു. ‘ശലോം..ബഹുത്ത് ഖുശ്’ എന്ന് മാധ്യമങ്ങളോട് മോഷെ പ്രതികരിച്ചു. ഇന്ത്യ ഇഷ്ടമാണെന്നു നരിമാന്‍ ഹൗസില്‍ പോകണമെന്നും അവിടെയെത്തി പ്രാര്‍ത്ഥന നടത്തണമെന്നും മോഷെ വ്യക്തമാക്കി. 2008ല്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാരനായ സാന്ദ്രാ സാമുവല്‍സ് ആണ് മോഷെയെ രക്ഷപെടുത്തത്. മൂന്ന് ദിവസം നീണ്ടു നിന്ന ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു. ഇസ്രാഈല്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മോഷെയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലുള്ള അവസരത്തില്‍ തന്നെയാണ് മോഷെയും എത്തിയത്.