ലക്‌നൗ: യുപിയില്‍ കാണാതായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ വയലില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അംബേദ്കര്‍ നഗറിലാണ് പെണ്‍കുട്ടി അഭിമാന ഹത്യക്കിരയായത്. പിതാവ് ലഖന്‍ സിങ്, സഹോദരന്‍ വികാസ് സിങ് എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രണയബന്ധത്തില്‍ പ്രതിഷേധിച്ചായിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു.
സഹോദരന്‍ പ്രണയബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് നാലുമാസം മുന്‍പ് 17കാരിയായ പെണ്‍കുട്ടി തന്റെ കാമുകനോടൊപ്പം ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് ഫായിസാബാദില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. തിരിച്ചെത്തി കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടിയെ വീണ്ടും കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ സംശയിച്ച് വില്ലേജ് ചൗക്കിദാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് 15 പേരടങ്ങുന്ന അന്വേഷണ സംഘമാണ് സഹോദരനും പിതാവും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി സമീപത്തെ വയലില്‍ കുഴിച്ചുമൂടിയതായി കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും കൊലപാതകത്തിനുപയോഗിച്ച .315 പിസ്റ്റളും കണ്ടെടുത്തു.