ഹൈദരാബാദ്: ഹൈദരാബാദ് യുനി തെരഞ്ഞെടുപ്പില്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് (എ.എസ്.ജെ) മുന്നണിക്ക് വന്‍ജയം. എസ്.എഫ്.ഐ, എ.എസ്.എ, എം.എസ്.എഫ് എന്നി വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്നുള്ള മുന്നണിയാണു അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് (എ.എസ്.ജെ). ജോ.സെക്രട്ടറിയായി മല്‍സരിച്ച എം.എസ്.എഫിലെ മുഹമ്മദ് ആഷിഖ് ഉള്‍പ്പെടെയുള്ളവര്‍ വലിയ മാര്‍ജിനിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീരാഗാണ് ചെയര്‍മാന്‍.ആരിഫ് മുഹമ്മദ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഫാസിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി യെ പുര്‍ണ്ണമായി തുടച്ച് നീക്കാന്‍ മതേതര വിദ്യാര്‍ത്ഥി കൂട്ടായ്മക്ക് സാധ്യമായി. ഇന്ത്യയിലെ മതേതര രാഷ്ട്രീയ ചേരിക്ക് ശക്തമായ പിന്തുണ നല്‍കുന്നതാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റീസിന്റെ വിജയമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി പി അഷ്‌റഫലിയും ജന:സെക്രട്ടറി മുഹമ്മദ് അര്‍ഷദും പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ വിദ്യഭ്യാസം കാവി വല്‍കരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഫാസിസ്റ്റുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന മോദി ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരെയുള്ള വിദ്യാര്‍ഥികളുടെ തിരുത്താണ് ഈ ഫലം വ്യക്തമാകുന്നത്.

ഇന്ത്യയിലെ കാമ്പസുകളില്‍ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന്റെ കാഹളം ആദ്യമായി മുഴങ്ങിയ കാമ്പസാണു ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി. രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം രാജ്യത്തെ മുഴുവന്‍ ക്യാമ്പസുകള്‍ ഏറ്റെടുത്ത ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റതിന്റെ ഉറവിടമാണ് ഈ സര്‍വകലാശാല. ഇടത്, മുസ്‌ലിം, ദളിത്, മുന്നേറ്റമെന്ന ഫാസിസത്തിനെതിരെയുള്ള ഇന്ത്യയിലെ പ്രതിരോധത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായിട്ടാണ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന മുന്നണി രൂപീകൃതമായത്.
വരും കാലത്ത് രാജ്യത്തെ ദളിത്, മുസ്ലീങ്ങള്‍ക്കെതിരെ ഫാസിസ്റ്റ് ഭീകരവാദികളുടെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന മോദി സര്‍ക്കാരിനെതിരെയുമുള്ള മുഖ്യധാരാ പാര്‍ട്ടികളുടെ വിശാല ഇടത് മതേതര മുന്നേറ്റത്തിനുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിജയമെന്ന് എം. എസ്. എഫ് നേതാക്കള്‍ അഭിപ്രായപെട്ടു.