ബംബോലിം: ഗോവ എഫ്.സിയെ കീഴടക്കി മുംബൈ സിറ്റി എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 6-5 എന്ന സ്‌കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില വഴങ്ങി.

ഐ.എസ്.എല്‍ ചരിത്രത്തിലാദ്യമായാണ് മുംബൈ ഫൈനലിലെത്തുന്നത്. നിശ്ചിത സമയത്ത് ഒരു ഷോട്ടുപോലും ലക്ഷ്യത്തിലേക്കടിക്കാതെയാണ് മുംബൈ പെനാല്‍ട്ടിയില്‍ വിജയിച്ച് ഫൈനലിലെത്തിയത് എന്നത് കൗതുകകരമായ കാര്യമാണ്. ഒന്‍പതാം കിക്കെടുത്ത റൗളിങ് ബോര്‍ജസാണ് ടീമിനെ ഫൈനലിലെത്തിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഭാഗ്യം ഗോവയെ തുണച്ചില്ല. ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാല്‍വസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

എക്‌സ്ട്രാ ടൈമിന് ശേഷം രണ്ട് ടീമുകളും ഗോള്‍കീപ്പര്‍മാരെ മാറ്റി. ഗോവയില്‍ ധീരജ് സിങ്ങിന് പകരം നവീന്‍ കുമാറും മുംബൈയില്‍ നായകന്‍ അമരീന്ദര്‍ സിങ്ങിന് പകരം ഫുര്‍ബ ലചെന്‍പയും ഗോള്‍വല കാക്കാനെത്തി. ഫുര്‍ബയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പെനാല്‍ട്ടി ഷൂട്ടൗട്ടായിരുന്നു മത്സരത്തില്‍ പിറന്നത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഫുര്‍ബയും നവീനും തകര്‍പ്പന്‍ ഫോമില്‍ കളിച്ചതോടെ ഇരുടീമുകളും വിയര്‍ത്തു. ഗോവയുടെ എഡു ബേഡിയയാണ് ആദ്യ കിക്കെടുത്തത്. ഇത് തട്ടിയകറ്റി ഫുര്‍ബ മുംബൈയ്ക്ക് കളി അനുകൂലമാക്കി. മുംബൈയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത ഒഗ്‌ബെച്ചെ അനായാസം പന്ത് വലയിലെത്തിച്ചതോടെ മുംബൈ 1-0 ന് മുന്നില്‍ കയറി. ഗോവയുടെ രണ്ടാം കിക്കെടുത്ത ബ്രാന്റണ്‍ ഫെര്‍ണാണ്ടസിന്റെ കിക്ക് ബാറിലിടിച്ച് തെറിച്ചതോടെ മുംബൈ വിജയം സ്വപ്നം കണ്ടു.

എന്നാല്‍ മുംബൈയ്ക്ക് വേണ്ടി രണ്ടാം കിക്കെടുത്ത ഹെര്‍നാന്‍ സന്റാനയുടെ കിക്ക് തട്ടിയകറ്റി നവീന്‍ കുമാര്‍ ഗോവയ്ക്ക് ആശ്വാസം പകര്‍ന്നു. പിന്നാലെ കിക്കെടുത്ത ഗോവയുടെ ഇഗോര്‍ അംഗൂളോ ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി. മുംബൈയുടെ ബൗമസിന്റെ കിക്ക് നവീന്‍ തട്ടിയകറ്റിയതോടെ ഗോവയ്ക്ക് മുന്നില്‍ കയറാനുള്ള അവസരം ലഭിച്ചു. ഐവാന്‍ ലക്ഷ്യം കണ്ടതോടെ ഗോവ 2-1 ന് മുന്നിലെത്തി. പിന്നാലെ വന്ന റെയ്‌നിയര്‍ മുംബൈയ്ക്ക് വേണ്ടി ഗോള്‍ നേടി. ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി.

പക്ഷേ ഗോവയുടെ നിര്‍ണായക കിക്കെടുത്ത ഡോണച്ചിയുടെ അടി പുറത്തേക്ക് പോയതോടെ ടീം വിയര്‍ത്തു. ഇതോടെ അവസാന കിക്കെടുത്താല്‍ ഫൈനല്‍ ബെര്‍ത്തുറപ്പിക്കാം എന്ന സുവര്‍ണാവസരം മുംബൈയ്ക്ക് കൈവന്നു. പക്ഷേ അഹമ്മദ് ജാഹു എടുത്ത കിക്ക് അതിമനോഹരമായി രക്ഷപ്പെടുത്തി നവീന്‍ ഗോവയ്ക്ക് ആശ്വാസം പകര്‍ന്നു. ഇതോടെ നിശ്ചിത പെനാല്‍ട്ടി ഷൂട്ടൗട്ടും സമനിലയിലായി (2-2). മത്സരം സഡന്‍ ഡെത്തിലേക്ക് നീണ്ടു.

സഡന്‍ ഡെത്തില്‍ ഗോവയ്ക്ക് വേണ്ടി ഇഷാന്‍ പണ്ഡിതയും ഓര്‍ട്ടിസും ആദില്‍ ഖാനും ലക്ഷ്യം കണ്ടപ്പോള്‍ മുംബൈയുടെ റണവഡെയും മൊര്‍ത്താദ ഫാളും മന്ദര്‍ റാവു ദേശായിയും സ്‌കോര്‍ ചെയ്തു. ഇതോടെ സ്‌കോര്‍ 5-5 എന്ന നിലയിലായി. എന്നാല്‍ ഒന്‍പതാമത്തെ കിക്കെടുത്ത ഗോവയുടെ ഗ്ലാനിന് ലക്ഷ്യം തെറ്റി. താരത്തിന്റെ ഷോട്ട് പോസ്റ്റിന് വെളിയിലേക്ക് പോയി. ഇതോടെ അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ചാല്‍ മുംബൈയ്ക്ക് കന്നി ഫൈനലിലേക്ക് ടിക്കറ്റെടുക്കാവുന്ന അവസരം വന്നുചേര്‍ന്നു. കിക്കെടുത്ത റൗളിങ് ബോര്‍ജസ് പന്ത് കൃത്യമായി വലയിലെത്തിച്ച് 6-5 എന്ന സ്‌കോറിന് മുംബൈ എഫ്‌സിയെ ഫൈനലിലെത്തിച്ചു.