നര്‍ഗുണ്ട് (കര്‍ണാടക): ഗദഗ് ജില്ലയിലെ നര്‍ഗുണ്ടില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ ബജ്‌റംഗ്ദള്‍ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവ് സഞ്ജു നാല്‍വാഡെ, സംഘടനയിലെ അംഗങ്ങളായ ഗുണ്ഡ്യ മുത്തപ്പ ഹിരേമത്ത്, ചന്നു ചന്ദ്രശേഖര്‍ അക്കി, സക്രപ്പ ഹനുമന്തപ്പ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം ഷമീര്‍ ഷാപൂര്‍ (20) എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സുഹൃത്ത് ഷംസീര്‍ ഖാന്‍ പത്താനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മാരകമായി പരിക്കേറ്റ ഷംഷീര്‍ ഹുബ്ബള്ളിയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (കിംസ്) ചികിത്സയിലാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇവരിലൊരാള്‍ ഒരു പെണ്‍കുട്ടിയെ കളിയാക്കിയതിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് ഭാഷ്യം.