ഫേസ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവ് അന്‍ഖി ദാസ് കമ്പനിയിലെ മുസ്‌ലിം ജോലിക്കാരോട് മാപ്പ് അപേക്ഷിച്ചു. തന്റെ ഫേസ്ബുക്ക് പേജില്‍ മുസ്ലിങ്ങളെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് അവര്‍ മാപ്പ് അപേക്ഷിച്ചത്. മുസ്ലീങ്ങള്‍ അധഃപതിച്ച സമൂഹമാണെന്നും വംശശുദ്ധിക്കും ശരീയത്തിനും വേണ്ടി വാദിക്കുന്നവരുമാണെന്നായിരുന്നു പങ്കുവച്ച പോസ്റ്റിലെ ഉള്ളടക്കം.

2019ലാണ് പോസ്റ്റ് അന്‍ഖി പങ്കുവച്ചത്. സിഎഎയ്ക്ക് എതിരായ സമരത്തിന് എതിരെ ഒരു മുന്‍പൊലീസ് ഉദ്യോഗസ്ഥന്‍ എഴുതിയ കുറിപ്പായിരുന്നു അന്‍ഖി ഫേസ്ബുക്കിലിട്ടത്.

‘മുസ്ലിങ്ങളെ താഴ്ത്തിക്കെട്ടാനല്ലായിരുന്നു ഉദ്ദേശം. ഫെമിനിസത്തെയും പൗരത്വ ബോധത്തെയും പ്രതിഫലിപ്പിക്കാനായിരുന്നു പോസ്റ്റ്. കുറിപ്പ് ഡിലീറ്റ് ചെയ്തുവെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നു’ എന്നും അന്‍ഖി.

‘ഒരു കമ്പനി എന്ന നിലയില്‍, നമ്മുടെ പ്ലാറ്റ്ഫോമില്‍ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ സംഭാഷണത്തിന്റെയും ഇസ്ലാമോഫോബിയയുടെയും സത്യസന്ധമായ പ്രതിഫലനം ചെയ്യേണ്ടതുണ്ട്. ടി രാജാ സിംഗിനെപ്പോലുള്ള വ്യക്തികള്‍ മുസ്ലിം സമുദായത്തിനെതിരെ നഗ്നമായ വിദ്വേഷ ഭാഷണത്തില്‍ ഏര്‍പ്പെടുന്നതിനൊപ്പം അക്രമത്തെ പ്രേരിപ്പിക്കുന്ന സാഹചര്യത്തില്‍ ദുര്‍ബലരെ സംരക്ഷിക്കാന്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്’ എന്ന് ചിലര്‍ മറുപടി നല്‍കി.