ഷഹബാസ് വെള്ളില

തിരുവനന്തപുരം: ഗൂഢപ്രചാരണങ്ങള്‍ നിലംപരിശാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് നേടിയത് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം സീറ്റുകളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയാണ് മുസ്‌ലിംലീഗ്. 2131 സീറ്റാണ് പാര്‍ട്ടി സ്വന്തമാക്കിയത്. ഒന്നും സ്ഥാനത്തുള്ള പാര്‍ട്ടികളെ അപേക്ഷിച്ച് മത്സരിച്ച മികച്ച വിജയശതമാനമാണ് ലീഗിന്റേത്.

ഗ്രാമ പഞ്ചായത്തിലേക്ക് 1357 അംഗങ്ങളെയും ബ്ലോക് പഞ്ചായത്തിലേക്ക് 204 അംഗങ്ങളെയും മുസ്‌ലിംലീഗിന് ജയിപ്പിക്കാനായി. ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 36 പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. മുനിസിപ്പാലിറ്റിയിലേക്ക് 413 പേരും കോര്‍പറേഷനിലേക്ക് 21 പേരും വിജയിച്ചു. ആകെ 2131.

2015ലെ നില ഇങ്ങനെ; ഗ്രാമപ്പഞ്ചായത്ത് – 1411. ബ്ലോക് പഞ്ചായത്ത് 206, ജില്ലാ പഞ്ചായത്ത് 24, മുനിസിപ്പാലിറ്റി 437, കോര്‍പറേഷന്‍ 20. ആകെ 2098.

മുസ്‌ലിംലീഗ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരുടെ കൂടി കണക്കെടുത്താല്‍ അംഗബലം ഇനിയും വര്‍ധിക്കും. യുഡിഎഫിന് മൊത്തത്തില്‍ 5893 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളാണ് ഉള്ളത്. 727 ബ്ലോക് പഞ്ചായത്ത് അംഗങ്ങളും 110 ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും. 1172 നഗരസഭ കൗണ്‍സിലര്‍മാരും 120 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുമുണ്ട്.

എല്‍ഡിഎഫിന് 7262 പഞ്ചായത്ത് അംഗങ്ങളും 1266 ബ്ലോക് പഞ്ചായത്ത് അംഗങ്ങളും 212 ജില്ലാ പഞ്ചായത്ത് അംഗങ്ങളുമാണ് ഉള്ളത്. നഗരസഭാ കൗണ്‍സിലര്‍മാര്‍ 1167. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍-207.

കോണ്‍ഗ്രസിന് 4197 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളാണ് ഉള്ളത്. 479 ബ്ലോക്, ജില്ലാ പഞ്ചായത്ത്-66, നഗരസഭ 716, കോര്‍പറേഷന്‍ 93 എന്നിങ്ങനെയാണ് മറ്റു സീറ്റു നില. സിപിഎമ്മിന്റെ അംഗ ബലം ഇങ്ങനെ; ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍- 5947. ബ്ലോക് പഞ്ചായത്ത്-960, ജില്ലാ പഞ്ചായത്ത് 141, നഗരസഭ 972, കോര്‍പറേഷന്‍ 170. ആകെ 8190. എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐക്ക് 1283 അംഗങ്ങളെയാണ് വിജയിപ്പിക്കാനായത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് 255 അംഗങ്ങളാണ് ഉള്ളത്. ജോസ് കെ മാണി വിഭാഗത്തി്‌ന്റെ അംഗബലം 355.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മികച്ച മുന്നേറ്റം നടത്താന്‍ മുസ്‌ലിംലീഗിനായി. 23ന് മലപ്പുറത്ത് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമായിരിക്കും പാര്‍ട്ടി കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിടുക. ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് മത്സരിച്ച മലപ്പുറം ജില്ലയില്‍ തന്നെയാണ് ഇത്തവണയും കൂടുതല്‍ അംഗങ്ങള്‍. മലപ്പുറം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലും പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടി.