പാർട്ടിയെ ശക്തിപ്പെടുത്താനായി രൂപീകരിച്ച പത്തംഗ സമിതി തയ്യാറാക്കിയ ഭാവി പ്രവർത്തന രൂപരേഖ മഞ്ചേരി യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗം അംഗീകരിച്ചു.

ഇതനുസരിച്ച് കർമരംഗത്ത് സംഘടന കൂടുതൽ സജീവമാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ബാച്ചുകളായി നേതാക്കൾ ജില്ലകളിൽ പര്യടനം നടത്തും.

പാർട്ടിയുടെ ഏറ്റവും പ്രഥമ ഘടകമായ ബൂത്ത്/ വാർഡ് കമ്മിറ്റി ഭാരവാഹികളുമായി സംസ്ഥാന നേതാക്കൾ മുഖാമുഖ വർത്തമാനം സംഘടിപ്പിക്കും. കൂടുതൽ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തും. 12 മണ്ഡലങ്ങളിലെ പരാജയം അന്വേഷിക്കാൻ രണ്ട് പേരടങ്ങുന്ന കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഒരു എം.എൽ.എയും ഒരു സംസ്ഥാന ഭാരവാഹിയും ഉൾപ്പെടുന്നതാണ് കമ്മിഷൻ. പോഷക സംഘടനകളെ ശാക്തീകരിച്ച് പാർട്ടി മുന്നോട്ട് പോകും. ദലിത്, പിന്നോക്ക, ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തും. മുസ്ലിംലീഗ് ഓഫീസുകൾ സ്മാർട്ട് സംവിധാനങ്ങളോടെ സേവന കേന്ദ്രങ്ങളാക്കി മാറ്റും. പോഷക സംഘടനകളിൽ 20 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തും. മുസ്ലിംലീഗിനെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളാണ് യോഗത്തിൽ എടുത്തതെന്നും കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും പി.എം.എ സലാം പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്താനും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനുമുള്ള ശക്തമായ നേതൃത്വം അവർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിംലീഗിൽ പ്രതിസന്ധിയില്ലെന്നും ഒറ്റക്കെട്ടായി നേതാക്കളും പ്രവർത്തകരും മുന്നോട്ട് പോകുമെന്നും ചോദ്യത്തിന് മറുപടിയായി പി.എം.എ സലാം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ട്രഷറർ പി.വി അബ്ദുൽ വഹാബ്, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, വി.കെ ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ എം.സി മായിൻ ഹാജി, പി.എച്ച് അബ്ദുസ്സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിർ, സി.പി ബാവ ഹാജി, സി.എ.എം.എ കരീം, കെ.ഇ അബ്ദുറഹിമാൻ, അബ്ദുറഹിമാൻ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം ഷാജി, അഡ്വ. എൻ. ഷംസുദ്ദീൻ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, ജില്ലാ പ്രസിഡന്റ്-സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം പ്രതിനിധികൾ, മറ്റ് പ്രവർത്തക സമിതി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. ഈയിടെ അന്തരിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൽഖാദർ മൗലവി, സംസ്ഥാന പ്രവർത്തക സമിതി അംഗം പി.വി മുഹമ്മദ് അരീക്കോട് എന്നിവർക്കായി പ്രത്യേക പ്രാർഥന നടത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്.