മലപ്പുറം: സംവരണ തോത് നിശ്ചയിക്കുന്നതിലെ അപാകതകൾ പരിപരിഹരിക്കണമെന്നും അഖിലേന്ത്യാ സെൻസസിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും മുസ്‌ലിംലീഗ്. മഞ്ചേരിയിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം അംഗീകരിച്ച പ്രമേയങ്ങളിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.

ഭിന്നശേഷിക്കാർക്കുള്ള സംവരണം നാല് ശതമാനമായി വർധിച്ചതോടെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള സംവരണ സമുദായങ്ങളുടെ സംവരണ തോത് ഗണ്യമായി കുറഞ്ഞ അവസ്ഥയുണ്ട്. ഇതിലെ അപാകത ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ പി.എസ്.സിയോട് ഇത് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ സർക്കാർ ഇത് തിരുത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്.
ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അപാകതകൾ പരിഹരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


അഖിലേന്ത്യ സെൻസസിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 1881 മുതൽ 1931 വരെ ഇത്തരം വിവരങ്ങൾ സെൻസസിന് ഒപ്പം ശേഖരിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന സെൻസസുകളിൽ നിന്നും ജാതി വിവരങ്ങൾ ഒഴിവാക്കി. 2021ലെ സെൻസസിൽ ജാതി വിവരങ്ങൾ കൂടി സമാഹരിക്കും എന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും അത് കഴിയില്ല എന്ന് പാർലമെന്റിലും ഇപ്പോൾ സുപ്രീം കോടതിയെയും സർക്കാർ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇതിന് ഭരണപരമായും പ്രായോഗികമായും യാതൊരു തടസ്സവും ഇല്ല. ഭരണഘടന ഉറപ്പുനൽകുന്ന പൗരൻമാരുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹ്യ നീതിയും അവസര സമത്വവും ഉറപ്പാക്കുന്നതിനും ജാതി തിരിച്ച് സെന്‌സസ് അനിവാര്യമാണെന്നും അത് ഭരണഘടനാപരമായ അവകാശമാണെന്നും മുസ്‌ലിംലീഗ് പ്രമേയം വ്യക്തമാക്കി.

കേരളത്തിൽ പെൺകുട്ടികൾക്കെതിരെ പ്രണയത്തിന്റെയും മറ്റും പേരിൽ നടക്കുന്ന അതി ക്രൂരമായ കൊലപാതകങ്ങൾ സാക്ഷര കേരളത്തിന് അപമാനമാണെന്നും സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മക നടപടകൾ സ്വീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ പെൺകുട്ടികളെ ആസിഡ് ഒഴിച്ചും വെടിവെച്ചും തീ കൊളുത്തിയും കത്തി കൊണ്ട് കഴുത്ത് മുറിച്ചുമൊക്കെ കൊല്ലുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഉത്തമമായ മാനസികാരോഗ്യത്തിന്റെ അഭാവവും അതിവൈകാരികതയുമാണ് ഇത്തരം സംഭവങ്ങളുടെ കാരണമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. നല്ല മാനസികാരോഗ്യവും സാമൂഹിക ബന്ധങ്ങളും ഉറപ്പാക്കാൻ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കണം. പാഠ്യപദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്തുന്നതോടൊപ്പം കർശനമായ നിയമ നിർമാണങ്ങളും അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.