വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കേസെടുക്കുന്ന പതിനായിരം പേരില്‍ ഒന്നാമതായി തന്റെ പേരും എഴുതണമെന്ന് പി.എം.എ സലാം. പീച്ചിമണ്ണില്‍ അബ്ദുസലാം എന്ന് തന്റെ പേര് എഴുതണമെന്നാണ് പി.എം.എ സലാമിന്റെ ആവശ്യം. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സലാം ഇക്കാര്യം അറിയിച്ചത്.

ഈ മാസം ഒമ്പതിന് കോഴിക്കോട് ബീച്ചില്‍ വെച്ച് നടന്ന വഖഫ് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെയാണ് ഇന്ന് വെള്ളയില്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. ഗതാഗത തടസം, കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പൊലീസ് കേസെടുത്തത്.

മുസ്ലീം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത് വഖഫ് ബോര്‍ഡ് നിയമങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ്. പതിനായിരക്കണക്കിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് വിവിധ ജില്ലയില്‍ നിന്നായി കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തില്‍ എത്തിചേര്‍ന്നത്.