യാങ്കൂണ്‍: മ്യാന്മറിലെ റോഹിന്‍ഗ്യാ മുസ്്‌ലിം ഗ്രാമങ്ങളില്‍ സൈന്യം കൂട്ടക്കുരുതിയും കൂട്ടബലാത്സംഗങ്ങളും നടത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്. വംശഹത്യയായിരുന്നു സൈന്യത്തിന്റെ ലക്ഷ്യമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ യു.എന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് റോഹിന്‍ഗ്യാ മുസ്്‌ലിം പ്രദേശങ്ങളില്‍ മ്യാന്മര്‍ സേന നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നൂറുകണക്കിന് ആളുകളെയാണ് സൈന്യം കൊന്നുതള്ളിയത്. അന്വേഷണ സംഘത്തോട് സംസാരിച്ച സ്ത്രീകളില്‍ ഭൂരിഭാഗം പേരും ബലാത്സംഗത്തിനിരയായവരായിരുന്നു. അമ്മമാരുടെ മാറിടത്തില്‍നിന്ന് കുട്ടികളെ അടര്‍ത്തിയെടുത്ത് കൊലപ്പെടുത്തിയതിന്റെ ഭീകരമായ വിവരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഗ്രാമങ്ങളില്‍ ഇരച്ചുകയറിയ സൈന്യം വീടുകള്‍ അഗ്നിക്കിരയാക്കി.

കുട്ടികളെ ചേര്‍ത്തുപിടിച്ച് രക്ഷപ്പെടുകയായിരുന്ന മുസ്്‌ലിംകള്‍ക്കുനേരെ സൈന്യം വെടിവെച്ചു. ആറു വയസിനു താഴെയുള്ള മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗ ശ്രമത്തെ ചെറുത്തതിന് സൈനികര്‍ തന്റെ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയതായി ഒരു സ്ത്രീ പറയുന്നു. ഭീകരമായ സംഭവങ്ങളാണ് മ്യാന്മറില്‍ നടക്കുന്നതെന്ന് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. അമ്മയുടെ മുലപ്പാലിനുവേണ്ടി കരയുന്ന കുഞ്ഞിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കാന്‍ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഏതു തരം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനമാണിത്.

നിരപരാധികളുടെ രക്തം ചിന്തി എന്ത് ദേശീയ സുരക്ഷയാണ് മ്യാന്മര്‍ ഉറപ്പാക്കുന്നത്-അദ്ദേഹം ചോദിച്ചു. അഭയാര്‍ത്ഥികള്‍ക്കുനേരെ സൈനിക ഹെലികോപ്ടറുകള്‍ വെടിവെക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഒക്ടോബറില്‍ സൈന്യം തുടങ്ങിയ നരനായാട്ട് ഇനിയും അവസാനിച്ചിട്ടില്ല. സൈനിക നടപടി തുടരുമ്പോഴും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന മുസ്്‌ലിംകള്‍ ഓരോ ദിവസവും കടുത്ത പീഡനത്തിനിരയാവുകയാണ്. റോഹിന്‍ഗ്യന്‍ മേഖലകളില്‍ലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന മ്യാന്മര്‍ ഭരണകൂടത്തിനെതിരെ നടപടിയെടുക്കുന്നതിന് യു.എന്‍ രക്ഷാസമിതിയില്‍ ശക്തമായ പ്രമേയം കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മറില്‍ റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവരെ മ്യാന്മര്‍ പൗരന്മാരായി കണക്കാക്കാനും ഭരണകൂടം തയാറല്ല. തലമുറകളായി രാജ്യത്ത് ജീവിച്ചുപോരുന്ന അവര്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണെന്ന് മ്യാന്മര്‍ ഭരണകൂടം പറയുന്നു. യു.എന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി ഉറപ്പുതന്നിട്ടുണ്ടെന്ന് റഅദ് അല്‍ ഹുസൈന്‍ അറിയിച്ചു.