മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണ വിട്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പാരീസ് സെന്റ് ജര്‍മയ്‌നിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നെയ്മര്‍ ബാഴ്‌സയില്‍ തുടരുമെന്നായിരുന്നു സഹ താരം ജെറാഡ് പിക്വേയുടെ ട്വീറ്റ് എന്നാല്‍ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള സന്നാഹ മത്സരത്തിനു മുമ്പ് ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് തനിക്കുറപ്പില്ലെന്ന് പിക്വേ പറഞ്ഞതിന് പിന്നാലെയാണ് സംശയങ്ങള്‍ ബലപ്പെട്ടു തുടങ്ങിയത്. സംശയം, സംശയം, കൂടുതല്‍ സംശയം എന്ന പേരില്‍ നെയ്മറിന്റെ ചിന്തയില്‍ മുഴുകി നില്‍ക്കുന്ന മുഴുനീള പടത്തോടു കൂടിയാണ് കറ്റാലന്‍ ഡെയ്‌ലി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. 25കാരനായ ബ്രസീലിയന്‍ താരത്തെ ഫ്രാന്‍സില്‍ എത്തിക്കുന്നതിനായി 1663 കോടി രൂപയെന്ന ഇന്നോളം ഒരു താരത്തിലും ലഭിക്കാത്ത മോഹന വാഗ്ദാനമാണ് പാരീസ് സെന്റ് ജര്‍മയ്ന്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ശനിയാഴ്ച യുവന്റസിനെതിരായ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടി കളിയിലെ താരമായ നെയ്മര്‍ പക്ഷേ മാധ്യമ പ്രവര്‍ത്തകരോട് ഒന്നും പറയാന്‍ തയാറായില്ല. പത്ര സമ്മേളനത്തില്‍ സംസാരിച്ച അര്‍ജന്റീനിയര്‍ താരം യാവിര്‍ മഷരാനൊ വരും വരായ്കകള്‍ മനസിലാക്കി മാത്രമേ തീരുമാനമെടുക്കാവൂ എന്ന് നെയ്മറോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരിച്ചത്. ലയണല്‍ മെസിയടക്കമുള്ള താരങ്ങള്‍ നെയ്മറിനോട് ബാഴ്‌സയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.