ചെന്നൈ: നക്കീരന്‍ പത്രാധിപര്‍ ഗോപാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതി എന്ന പരാതിയിലാണ് അറസ്റ്റ്. ഇന്നു രാവിലെ പൂനെയിലേക്ക് പോകും വഴി ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഗോപാലിനെ അറസ്റ്റു ചെയ്തത്.

സര്‍വകലാശാലാ അധികൃതര്‍ക്ക് ‘വഴങ്ങിക്കൊടുക്കാന്‍’ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കഴിഞ്ഞമാസം കോളജ് അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രുദുനഗര്‍ ദേവാംഗ ആര്‍ട്‌സ് കോളജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്.

നിര്‍മലാദേവി അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിക്കുന്ന വാര്‍ത്തകളെ ബന്ധപ്പെടുത്തി ഗവര്‍ണര്‍ക്കും ഓഫീസിനുമെതിരെ ലേഖനമെഴുതിയെന്നാണ് ഗോപാലിനെതിരായ കേസ്. വഴങ്ങികൊടുക്കുകയാണെങ്കില്‍ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നുമായിരുന്നു അധ്യാപികയുടെ ഉപദേശം. ഈ സംഭവത്തില്‍ ഉന്നത തലത്തില്‍ വരെ ഇടപെടലുണ്ടെന്നായിരുന്നു ലേഖനം.