തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ ചടങ്ങിന് വിളിച്ച് പുലിവാലിലായി സേഹരി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചടങ്ങിനിടെ ചിത്രത്തിലെ യുവനടന്‍ അദ്ദേഹത്തെ ‘അങ്കിള്‍’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. സേഹരി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്കാണ് മുഖ്യാതിഥിയായി ബാലകൃഷ്ണയെ വിളിക്കുന്നത്.

‘അങ്കിള്‍’ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. നടന്‍ ഉടന്‍ തന്നെ ‘സോറി സര്‍, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു.

ഇതിനിടെയാണ് അദ്ദേഹത്തിനു ഫോണ്‍ വരുന്നത്. ഫോണ്‍ ഉടന്‍ തന്നെ പോക്കറ്റില്‍ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുന്നതും വിഡിയോയില്‍ കാണാം.

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് അകന്ന് വീട്ടില്‍ തന്നെയായിരുന്നു താരം. എട്ടുമാസങ്ങള്‍ക്കുശേഷമാണ് പൊതുവേദിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നതും. ഹര്‍ഷ്, സിമ്രാന്‍ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.