സൂര്യ നായക വേഷത്തില്‍ എത്തുന്ന ചിത്രം സൂരരൈ പോട്ര് വമ്പന്‍ പ്രശംസകള്‍ നേടി മുന്നേറുകയാണ്. സിനിമയിലെ നായികയായ അപര്‍ണ ബാലമുരളിയുടെയും പ്രധാന വേഷത്തിലെത്തിയ ഉര്‍വശിയുടെയും അതിഗംഭീരപ്രകടനം ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. ഇപ്പോള്‍ നടന്‍ വിജയ് ദേവരക്കൊണ്ടയും അപര്‍ണയെ പ്രശംസിച്ച് രംഗത്തെത്തി. ‘എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’ എന്നാണ് വിജയ് ചോദിക്കുന്നത്.

ട്വിറ്ററിലൂടെയാണ് വിജയ് തന്റെ അഭിപ്രായം പ്രകടമാക്കിയത്. ‘സുഹൃത്തുക്കളൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാന്‍ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടുന്നു. എത്ര യാഥാര്‍ഥ്യത്തോടെയാണ് ഇവര്‍ അഭിനയിച്ചിരിക്കുന്നത്.’

ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ജി.വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനന്ദിക്കുന്നുവെന്നും വിജയ് ദേവരക്കൊണ്ട ട്വിറ്ററില്‍ കുറിച്ചു. യഥാര്‍ഥ കഥയുമായി എത്രത്തോളം സത്യസന്ധത പുലര്‍ത്തിയെന്നോ എത്രമാത്രം ഫിക്ഷനെന്നോ എനിക്ക് അറിയില്ല. ക്യാപ്റ്റന്റെ സിംപ്ലി ഫ്‌ലൈ എന്ന ബുക്ക് വായിച്ചാല്‍ കൂടുതല്‍ അറിയാമെന്നും വിജയ് ട്വീറ്റ് ചെയ്തു.

എഴുത്തുകാരനും വ്യവസായിയും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി.ആര്‍. ഗോപിനാഥന്റെ ജീവിതമാണ് ഈ ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. സൂര്യ, അപര്‍ണ ബാലമുരളി, ഉര്‍വശി, പരേഷ് റാവല്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.