കൊച്ചി: വെള്ളിത്തിരയിലേക്കുള്ള വരവിനെ കുറിച്ച് മനസ്സു തുറന്ന് മീനാക്ഷി രവീന്ദ്രന്‍. 19-ാം വയസ്സില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി കിട്ടിയെന്നും 22-ാം വയസ്സില്‍ തന്നെ അതു രാജി വയ്‌ക്കേണ്ടി വന്നു എന്നും അവര്‍ പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ്സു തുറന്നത്.

’19-ാം വയസ്സില്‍ ക്യാംപസ് ഇന്റര്‍വ്യൂവിലൂടെയാണ് സ്‌പൈസ് ജെറ്റില്‍ കാബിന്‍ ക്രൂ ആയി ജോലി കിട്ടിയത്. ആദ്യം ഒരു മാസം ലീവ് എടുത്താണ് ‘നായികാ നായകനി’ല്‍ മത്സരിച്ചത്. അങ്ങനെ തുടരാനാകാതെ വന്നതോടെ, മൂന്നാം ക്ലാസ് മുതല്‍ കൊതിച്ചു നേടിയ ജോലി 22-ാം വയസില്‍ രാജി വച്ചു.’- അവര്‍ പറഞ്ഞു. ജോലി കളഞ്ഞതില്‍ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നു എന്നും എന്നാല്‍ അവര്‍ തന്റെ ആഗ്രഹങ്ങള്‍ക്കൊന്നും എതിരു നിന്നിട്ടില്ല എന്നും മീനാക്ഷി പറയുന്നു.

‘അച്ഛന്‍ ബാങ്കിലായിരുന്നു. അച്ഛന്‍ വിരമിച്ചത് ഒരു ജൂണിലാണ്. ജൂലായില്‍ എനിക്ക് ജോലി കിട്ടി. എല്ലാവര്‍ക്കും അതില്‍ വലിയ സന്തോഷമായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാന്‍ ജോലി കളഞ്ഞത്. അപ്പോള്‍ സ്വാഭാവികമായും വീട്ടില്‍ ചെറിയ ആശങ്ക തോന്നുമല്ലോ. എന്തായാലും എന്റെ ഒരു ആഗ്രഹത്തിനും അവര്‍ ഇതുവരെ എതിരു നിന്നിട്ടില്ല. അച്ഛന്‍- രവീന്ദ്രന്‍. അമ്മ- ജയ ചേട്ടന്‍- ബാലു’ – അവര്‍ പറഞ്ഞു.

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി മിനിസ്‌ക്രീനിലെത്തുന്നത്. സംവിധായകന്‍ ലാല്‍ ജോസ് പുതിയ സിനിമയ്ക്കായി നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു അത്. മറിമായം എന്ന ഹാസ്യപരമ്പരയിലും അഭിനയിച്ചു. ഇപ്പോള്‍ ഉടന്‍ പണം എന്ന പരിപാടിയിലൂടെ വീട്ടകങ്ങളില്‍ സജീവ സാന്നിധ്യമാണ് താരം. ബിഗ്‌സ സ്‌ക്രീനും ധാരാളം അവസരങ്ങളാണ് മീനാക്ഷിക്ക്. മാലിക്, മൂണ്‍വാക്ക്, ഹൃദയം എന്നീ ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്.