തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ആസ്പത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂണ്‍ ആറാം തീയതി ചൊവ്വാഴ്ച ദേശീയ മെഡിക്കല്‍ പ്രതിഷേധ സമരം. ഡല്‍ഹിയിലെ രാജ്ഘട്ടില്‍ നിന്നു തുടങ്ങുന്ന പ്രതിഷേധ ജാഥയില്‍ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ പങ്കെടുക്കും.

ഡോക്ടര്‍മാരുടെ കഴിവിന് അപ്പുറമുള്ള അവസ്ഥയിലായിരിക്കും പലപ്പോഴും മരണം സംഭവിക്കുക. സംഭവത്തിന്റെ നിജസ്ഥിതിയറിയാതെ ഡോക്ടര്‍മാര്‍ക്കും ആസ്പത്രിക്കും നേരെ ക്രൂരമായ ആക്രമണമാണ് പലപ്പോഴും നടത്തുന്നത്. മാത്രമല്ല ബഹുജന പ്രക്ഷോഭം പേടിച്ച് ചെറിയ രീതിയിലുള്ള റിസ്‌ക് പോലും ഏറ്റെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പേടിയാണ്. ഇത് കാരണം പലപ്പോഴും ദൂരെയുള്ള മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇത് രോഗിക്കും ബന്ധുക്കള്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല രോഗിക്ക് ശരിയായ ചികിത്സ തക്ക സമയത്ത് കിട്ടാതെ വരുന്നു. അമിത ജോലിഭാരത്താല്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടേയും ആസ്പത്രി ജീവനക്കാരുടേയും മാനസികാവസ്ഥ തകര്‍ക്കാന്‍ മാത്രമേ ഇത്തരം നടപടികളിലൂടെ സാധിക്കുകയുള്ളൂ. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമമുണ്ടെങ്കിലും അത് നടപ്പാക്കുന്നതില്‍ പോലീസും അധികാരികളും വിമുഖത കാണിക്കുന്നു. അതിനാല്‍ ഇത്തരം അക്രമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിയമം തന്നെ കൊണ്ടുവരണം.

ഉപഭോക്തൃ കോടതികളുടേയും മറ്റ് കോടതികളുടേയും വിധിയനുസരിച്ച് ചികിത്സാ പിഴവിന്റെ പേരില്‍ കോടിക്കണക്കിന് രൂപയാണ് ആസ്പത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമം മൂലം ഇതിനൊരു നിയന്ത്രണം കൊണ്ടുവരണമെന്നും ഐ.എം.എ. ആവശ്യപ്പെടുന്നു.

കേരളത്തിലും ശക്തമായ പ്രതിഷേധ പരിപാടികളാണ് ഐ.എം.എ. ആവിഷ്‌കരിച്ച് വരുന്നത്. അന്നേദിവസം കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി. വിഭാഗത്തില്‍ നിന്നും എല്ലാ ഡോക്ടര്‍മാരും ഒരു മണിക്കൂര്‍ വിട്ടുനില്‍ക്കും.

കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍, കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍, പി.ജി. മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് എന്നീ എല്ലാ സംഘടനകളും ഐ.എം.എ.യുടെ കീഴില്‍ പ്രതിഷേധ സമരത്തില്‍ അണിനിരക്കും.

ആസ്പത്രിയില്‍ സമാധാനപരമായ അന്തരീക്ഷം ഒരുക്കേണ്ടത് ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും രോഗികളുടേയും ആവശ്യമാണ്. അതിനാല്‍ ഈ സമരത്തില്‍ പൊതുജനങ്ങളുടെ സഹകരണം ഐ.എം.എ. അഭ്യര്‍ത്ഥിച്ചു.