ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് നേരെ ഷൂ ഏറ്. ലാഹോറില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സദസിലുണ്ടായിരുന്ന ഒരാള്‍ നവാസ് ഷരീഫിന് നേരെ ഷൂ എറിഞ്ഞത്. നവാസ് ഷരീഫ് പ്രസംഗപീഠത്തിന് സമീപമെത്തി പ്രസംഗം തുടങ്ങാന്‍ പോകുമ്പോഴാണ് ഷൂ എറിഞ്ഞത്. ഷൂ എറിഞ്ഞ ശേഷം സ്‌റ്റേജിലേക്ക് ചാടിക്കയറിയ അക്രമി മുംതാസ് ഖാദിരിക്കായി മുദ്രാവാക്യം മുഴക്കി. പഞ്ചാബ് ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെ വധിച്ച വ്യക്തിയാണ് മുംതാസ് ഖാദിരി.

പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ ഭരണകക്ഷി നേതാക്കള്‍ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ശനിയാഴ്ച സിയാല്‍കോട്ടില്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് നേരെ മഷിയൊഴിച്ചിരുന്നു. ഈ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മന്ത്രിയുടെ തന്നെ നിര്‍ദേശപ്രകാരം പിന്നീട് ഇയാളെ വിട്ടയച്ചു.

ആഭ്യന്തരമന്ത്രി അഹ്‌സാന്‍ ഇഖ്ബാലിന് നേരെയും ഷൂ ഏറ് നടന്നിരുന്നു. ശനിയാഴ്ച നറോവാളില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഷൂ ഏറുണ്ടായത്.